രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് മിന്നിയപ്പോഴും ഇന്ത്യക്കാർ തിരഞ്ഞത് ഭാര്യയെ..!

രാജസ്ഥാനിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച് കോൺഗ്രസ് ഭരണം പിടിക്കുമ്പോൾ എല്ലാ കണ്ണുകളും സച്ചിന്‍ പൈലറ്റിലായിരുന്നു. രാജസ്ഥാനിൽ കോൺഗ്രസിനെ അധികാരത്തിലെത്തിക്കാതെ സഫാ എന്ന പാരമ്പര്യ തലക്കെട്ട് അണിയില്ലെന്ന് 2014 ൽ പരസ്യമായി എടുത്ത പ്രതിജ്ഞയുടെ സാക്ഷാത്കാരമായിരുന്നു സച്ചിന് ഈ മിന്നുന്ന വിജയം. മുഖ്യമന്ത്രി പദം പാർട്ടി അശോക് ഗെലോട്ടിനെ ഏൽപ്പിക്കുമ്പോൾ അണികളോട് പ്രകോപനം പാടില്ലെന്ന് ആഹ്വാനം ചെയ്താണ് സച്ചിൻ പൈലറ്റ് വീണ്ടും വാർത്തകളിൽ നിറഞ്ഞത്.  

രാജസ്ഥാനിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ചപ്പോഴും കോൺഗ്രസ് അത്ഭുതപൂർവ്വമായ തിരിച്ചു വരവ് നടത്തിയപ്പോഴും ഇന്ത്യക്കാർ സച്ചിൻ പൈലറ്റിനേക്കാൾ  ഗൂഗിളില്‍ തിരഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യ സാറാ പൈലറ്റിന്റെ പേരാണ്. രാജസ്ഥാനിലെ മുഖ്യമന്ത്രി ആരാണെന്നറിയുന്നതിനേക്കാൾ ആകാംക്ഷ സച്ചിന്റെ ഭാര്യ ആരെന്ന് അറിയുന്നതിലായിരുന്നു.

കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളളയുടെ മകളും ഒമര്‍ അബ്ദുളളയുടെ സഹോദരിയുമായ സാറയാണ് സച്ചിന്റെ ഭാര്യ. സാറ അബ്ദുളള എന്ന പേര് സാറ അബ്ദുളള പൈലറ്റ് എന്നാക്കുകയായിരുന്നു. വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാൽ ഇവരുടെ വിവാഹത്തെ സാറയുടെ കുടുംബം എതിർത്തിരുന്നു. സച്ചിനും സാറയും ലണ്ടനിൽ പഠിച്ചു കൊണ്ടിരിക്കവേയാണ് പ്രണയത്തിലായതും വിവാഹിതരായതും. സച്ചിന്റെയും സാറയുടെയും വിവാഹത്തിന് അബ്ദുളള കുടുംബം സഹകരിച്ചിരുന്നില്ല. വർഷങ്ങൾക്ക് ശേഷമാണ് ഇവരുടെ ബന്ധം സാറയുടെ വീട്ടുകാർ അംഗീകരിച്ചതും. ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദവും അന്താരാഷ്ട്ര കാര്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ആളാണ് സാറ. ഐക്യരാഷ്ട്രസഭയുടെ സ്ത്രീകള്‍ക്കായുളള വികസന ഫണ്ടില്‍ സാറ ജോലി ചെയ്തിട്ടുണ്ട്. 

കർണാടക നിയസഭാ തിരഞ്ഞെടുപ്പിൽ എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് കുമാരസ്വാമിയുടെ ഭാര്യയും സിനിമാതാരവുമായ രാധികയുടെ പേരായിരുന്നു. രണ്ടു പകല്‍ നീണ്ട ചര്‍ച്ചകള്‍ക്കും ആകാംക്ഷകള്‍ക്കും ഒടുവില്‍ മുതിര്‍ന്ന നേതാവ് അശോക് ഗെലോട്ടിനെ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി നേതൃത്വം തീരുമാനിക്കുകയായിരുന്നു. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ രണ്ടുപേരുടെയും സാന്നിധ്യത്തില്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനം പ്രഖ്യാപിച്ചു. ജയ്പൂര്‍ മെട്രോ അടക്കം വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന് അശോക് ഗെലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.