ചരിത്രമെഴുതി സോറം പീപ്പിൾസ് മൂവ്മെന്റ്; മിസോറമില്‍ അധികാരത്തില്‍

മിസോറാമില്‍ ഭരണകക്ഷിയായ  മിസോ നാഷണല്‍ ഫ്രണ്ടിനെ പരാജയപ്പെടുത്തി സോറം പീപ്പിള്‍സ് മൂവ്മെന്റ് അധികാരത്തിലെത്തി. 40 അംഗ നിയമസഭയില്‍   27 സീറ്റുകളില്‍ വിജയിച്ചയാണ് സോറം പീപ്പിൾസ് മൂവ്മെന്റ് ആദ്യമായി അധികാരത്തിലെത്തിയത്. എംഎന്‍എഫ്  10 സീറ്റിലേക്കും നാലു സിറ്റിങ്ങ് സീറ്റുകള്‍ നഷ്ടപ്പെടുത്തി കോണ്‍ഗ്രസ് ഒരു സീറ്റിലേക്കും  ഒതുങ്ങി

ഭരണവിരുദ്ധവികാരത്തിന്‍റെ  അലയടിയില്‍ അധികാരത്തിരുന്ന  മിസോ നാഷണല്‍ ഫ്രണ്ട് കനത്ത പരാജയം ഏറ്റുവാങ്ങി.   മുഖ്യമന്ത്രി സൊറാംതാംഗയും ഉപമുഖ്യമന്ത്രി തൗൺലൂയ ടുയിച്ചാങ്ങും തോറ്റു. മണിപ്പൂര്‍ കലാപം ചര്‍ച്ചയാതോടെ ബിജെപി സഖ്യം ഉപേക്ഷിച്ചിട്ടും എംഎന്‍എഫിന് ഗുണമുണ്ടായില്ല. ചെറു സംഘടനകളുടെ കൂട്ടായ്മയായി 2018 ല്‍  പ്രതിപക്ഷത്ത് എത്തി സോറം പീപ്പിൾസ് മൂവ്മെന്റ് രണ്ടു വര്‍ഷം മുന്‍പാണ് രാഷ്ട്രീയപാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തത് . നാളെയോ മറ്റേന്നാളോ ഗവര്‍ണറെ  കാണുമെന്നും സര്‍ക്കാരുണ്ടാക്കുമെന്നും സോറം പീപ്പിൾസ് മൂവ്മെന്റ് നേതാവ് ലാല്‍ഡുഹോമ പറഞ്ഞു 

 40 സീറ്റില്‍ മല്‍സരിച്ച കോണ്‍ഗ്രസിനെ വലിയ തിരിച്ചടിയുണ്ടായി. കോണ്‍ഗ്രസ് അധ്യക്ഷൻ ലാൽസാവ്ത പരാജയപ്പെട്ടു. അഞ്ചു സീറ്റുകളില്‍ നിന്ന് ഒരുസീറ്റിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങി. 23 സീറ്റില്‍ മല്‍സരിച്ച ബിജെപി  രണ്ടു സീറ്റില്‍ വിജയിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനത്തെ ജനങ്ങള്‍  പ്രതിപക്ഷ സഖ്യത്തെ തള്ളികളഞ്ഞെന്ന് ബിജെപിയുടെ തിര‍ഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച അനില്‍ ആന്‍റണി പറഞ്ഞു. മ്യാന്‍മാറില്‍ നിന്നുള്ള കുടിയേറ്റവും ലഹരവസ്തുക്കളുടെ ഒഴുക്കുമാണ് ചെറുപ്പക്കാര്‍ ഏറെ വോട്ടര്‍മാരുള്ള സംസ്ഥാനത്ത് എംഎന്‍എഫിന് തിരിച്ചടിയായത്.