‘തെറ്റിദ്ധരിപ്പിച്ചു’; തോറ്റ സംസ്ഥാനങ്ങളിലെ നേതാക്കളോട് ക്ഷുഭിതനായി രാഹുല്‍

എഐസിസി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും

നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന നേതാക്കൾക്കെതിരെ ക്ഷുഭിതനായി രാഹുൽ ഗാന്ധി. അമിതാത്മവിശ്വാസം പരാജയത്തിനിടയാക്കി. വിജയം ഉറപ്പാണെന്ന് ഹൈക്കമാന്റിനെ തെറ്റിദ്ധരിപ്പിച്ചു എന്നും രാഹുൽ ഗാന്ധി പ്രവർത്തക സമിതി യോഗത്തിൽ വിമർശിച്ചു. 76 അംഗങ്ങൾ പങ്കെടുത്ത പ്രവർത്തകസമിതി യോഗത്തിൽ ഹിന്ദി ഹൃദയ ഭൂമിയിലെ പരാജയത്തിൽ രാഹുൽ ഗാന്ധി ക്ഷുഭിതനായി. ഹൈക്കമാൻഡ് നിർദേശങ്ങൾ പാലിക്കപ്പെട്ടില്ല.കർണാടക, തെലങ്കാന പിസിസികൾ കുറവുകൾ മനസ്സിലാക്കി പ്രവർത്തിച്ചത് ഭരണത്തിലെത്തിച്ചു എന്നും രാഹുൽ ഗാന്ധി വിമർശിച്ചു. കമൽനാഥിനെ പോലുള്ള നേതാക്കൾക്ക് തിരഞ്ഞെടുപ്പ് തീരുമാനങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം നൽകിയതാണ് തിരിച്ചടിയായത് എന്നായിരുന്നു ദിഗ് വിജയ് സിങിന്റെ മറുപടി. വോട്ട് ശതമാനം നോക്കിയാൽ പാർട്ടി ശക്തമെന്ന് വ്യക്തമാണെന്നും ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. 

ഒരു വിഭാഗം നേതാക്കൾ ആശങ്ക അറിയിച്ചതിനെ തുടർന്ന് രണ്ടാം ഭാരത് ജോഡോ യാത്രയിൽ അന്തിമ തീരുമാനമെടുത്തില്ല. ഭാരത് ജോഡ് യാത്രയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചതിനാൽ രണ്ടാം യാത്ര വേണമെന്ന് ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമെന്ന് ചില നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ എടുക്കാനാണ് ശ്രമം. 

ലോക്‌സഭ തിരഞ്ഞെടുപ്പിൽ സമാന ചിന്താഗതിക്കാരെ ഏകോപിപ്പിച്ച് പരമാവധി സീറ്റുകൾ നേടണമെന്നും എല്ലാ സീറ്റുകളിലും കോഡിനേറ്റർമാരെ നിയോഗിക്കും എന്നും അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആമുഖ പ്രസംഗത്തിൽ അറിയിച്ചു. ജനാധിപത്യവിരുദ്ധ ശക്തികളെ  സംയമനത്തോടെ പരാജയപ്പെടുത്തണമെന്നും എം.പിമാരുടെ സസ്പെൻഷനിൽ ഖർഗെ പറഞ്ഞു. എം.പിമാരുടെ സസ്പെൻഷനെ അപലപിച്ച് യോഗം പ്രമേയം പാസാക്കി.

Rahul Gandhi fires leaders from three states