'മന്‍ കി ബാത്തില്‍ പറയേണ്ട കാര്യങ്ങള്‍ പറയൂ'; മോദിയോട് ശ്രോതാക്കള്‍

റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തില്‍ പറയേണ്ട കാര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നില്ലെന്ന് ശ്രോതാക്കള്‍. അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ഇന്ധന വിലവര്‍ധന, യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍, എന്നീ വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നാണ് ശ്രോതാക്കളുടെ താല്‍പര്യം. ഒാള്‍ ഇന്ത്യ റേഡിയോ നടത്തിയ സര്‍വേയിലാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന കണ്ടെത്തല്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാത്തിന്‍റെ അന്‍പതാം പതിപ്പാണ് കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ പരിപാടി കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഒാള്‍ ഇന്ത്യ റേഡിയോയുടെ ഒാഡിയന്‍സ് റിസര്‍ച്ച് വിങ് സര്‍വേ നടത്തിയത്. 15 സംസ്ഥാനങ്ങളിലെ 936 ശ്രോതാക്കളുടെ അഭിപ്രായം കേട്ടു. കണ്ടെത്തലാകട്ടെ, സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കുന്നതും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള ടിപ്സ് മുതല്‍ ബഹിരാകാശ ഗവേഷണ പരിപാടിവരെയെക്കുറിച്ചുവരെ പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ സംസാരിക്കാറുണ്ട്. 

എന്നാല്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില വര്‍ധന, അവശ്യസാധനങ്ങളുടെ വിലക്കയറ്റം, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവരുടെ ജീവിതം െമച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പരിപാടികള്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള തീരുമാനങ്ങള്‍, കാര്‍ഷിക പ്രതിസന്ധി, അഴിമതി ആരോപണങ്ങള്‍ നേരിടാന്‍ സ്വീകരിച്ച നടപടികള്‍ എന്നീ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്നാണ് ശ്രേതാക്കളുടെ താല്‍പ്പര്യം. സര്‍ക്കാരിന്‍റെ സുപ്രധാനപദ്ധതികളില്‍ ജന്‍ധന്‍ യോജനയെക്കുറിച്ചും മുദ്ര വായ്പകളെക്കുറിച്ചും കൂടുതലറിയാനാണ് ശ്രേതാക്കള്‍ ഇഷ്ടപ്പെടുന്നത്. കുടിയേറ്റ പ്രശ്നങ്ങളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യം.