എന്തിനാണ് ഈ ഗിമ്മിക്ക് മോദിജി?; ഞാൻ ഡൽഹിയിലുണ്ട്: പരിഹസിച്ച് സിസോദിയ

അഴിമതിക്കേസിൽ സിബിഐ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയ സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചാണ് സിസോദിയയുടെ ട്വീറ്റ്. ‘‘നിങ്ങളുടെ റെയ്ഡുകളെല്ലാം പരാജയപ്പെട്ടു, ഒന്നും കിട്ടിയില്ല. ഇപ്പോൾ നിങ്ങൾ മനീഷ് സിസോദിയയെ കാണാനില്ലെന്നും പറഞ്ഞ് ലുക്കൗട്ട് സർക്കുലർ ഇറക്കുന്നു. ഇതെന്തൊരു ഗിമ്മിക്കാണ് മോദിജി? ഞാൻ ഡൽഹിയില്‍ സ്വതന്ത്രനായി സഞ്ചരിക്കുന്നുണ്ട്'. റെയ്ഡിൽ ഒന്നും കണ്ടെത്താനാവാത്തതിനാലാണ് പുതിയ തന്ത്രമെന്നും സിസോദിയ പരിഹസിച്ചു. സിസോദിയയടക്കം എഫ്ഐആറിൽ പേരുളള 15 പേർക്കും വിദേശയാത്ര സാധ്യമല്ല. രാജ്യം തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും മൂലം പൊറുതിമുട്ടുമ്പോൾ അതിന് പരിഹാരം കാണാതെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ കുറ്റപ്പെടുത്തി.