ട്രാക്കിലേറി മഹാസഖ്യനീക്കം; പ്രതിപക്ഷപാർട്ടികളുടെ ആദ്യയോഗം നവംബർ 22ന്; ആകാംക്ഷ

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിൽ നിര്‍ത്താനുള്ള മഹാസഖ്യനീക്കം ശക്തിയാർജിക്കുന്നു. സഖ്യസാധ്യതകൾ ചർച്ച ചെയ്യാൻ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാർട്ടികളും ഒരുമിച്ചുള്ള ആദ്യചർച്ച ഈ മാസം 22 ന് ഡല്‍ഹിയിൽ വെച്ച് നടക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നാ‍യിഡുവും മുതിർന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌‍ലോട്ടും തമ്മിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. 

രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് നിലവിലുള്ളതെന്നും ജനാധിപത്യ സംവിധാനങ്ങൾ തകർച്ചയിലാണെന്നും ഗെഹ്‍ലോട്ട് കുറ്റപ്പെടുത്തി. ജനാധിപത്യത്തെ സംരക്ഷിക്കാനാണ് പ്രതിപക്ഷപാർട്ടികള്‍ ഒന്നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, മറ്റ് പ്രതിപക്ഷനേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. സഖ്യസാധ്യതകൾ ചർച്ച ചെയ്യാനായി തൃണമൂല്‍ കോൺഗ്രസ് നേതാവ് മമത ബാനർജിയുമായി നവംബർ 19, 20 തീയതികളിൽ കൂടിക്കാഴ്ച നടത്തുമെന്നും യോഗത്തിലേക്ക് നേരിട്ടു ക്ഷണിക്കുമെന്നും നായിഡു അറിയിച്ചു. 

മഹാസഖ്യനീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയായ നായിഡു കർണാടകയില്‍ ജെഡിഎസ് നേതൃത്വുമായും തമിഴ്നാട്ടിൽ ഡിഎംകെ നേതൃത്വവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.