അഞ്ച് സംസ്ഥാനങ്ങള്‍ നിശ്ചയിക്കുമോ 2019? ‘ഹൃദയഭൂമി’ എന്തുപറയും: ആകാംക്ഷ

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തുടക്കമാകുന്നു. ഛത്തീസ്ഗഢില്‍ ആദ്യഘട്ട വിധിയെഴുത്ത് നാളെ. സാധ്യതകളും ആകാംക്ഷകളും. ബിനു അരവിന്ദന്‍ എഴുതുന്നു. 

ഛത്തീസ്ഗഢ് പോളിങ് ബൂത്തിലെത്തുന്നതോടെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാനപരീക്ഷണ പോരാട്ടത്തിന് തുടക്കമാകും. ഛത്തീസ്ഗഢ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കുന്നത് ഉചിതമാണോ ? രണ്ടിനേയും സ്വാധീനിക്കുന്ന ഘടകങ്ങള്‍ വ്യത്യസ്തമായതിനാല്‍ നേരിട്ടുള്ള ബന്ധപ്പെടുത്തല്‍ പൂര്‍ണമായി ശരിയായിക്കൊള്ളണമെന്നില്ല. പക്ഷേ പൊതുതിരഞ്ഞെടുപ്പ് എന്ന ഫൈനലിലേക്ക് വിരല്‍ ചൂണ്ടുന്ന ചില പ്രധാനഘടകങ്ങള്‍ ഇപ്പോള്‍ നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പുകളില്‍ പ്രകടമാകും. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പുകളെ ചലച്ചിത്രഭാഷയില്‍ 'ടീസര്‍' എന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ഉചിതം. ടീസറില്‍ നിന്ന് സിനിമയിലേക്കുള്ള ദൂരം നിശ്ചയിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ് ?

ഹിന്ദി ഹൃദയഭൂമി 

കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിച്ച സീറ്റുകളും ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം പ്രധാനമാണ്. പ്രത്യേകിച്ച് ഹിന്ദി ഹൃദയഭൂമിയുടെ ഭാഗമായ മൂന്ന് വലിയ സംസ്ഥാനങ്ങളിലെ അവരുടെ പ്രകടനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ആകെയുള്ള 65 ലോക്സഭാ സീറ്റുകളില്‍ 62 എണ്ണമാണ് 2014 ല്‍ ബിജെപി നേടിയത്. മധ്യപ്രദേശിലെ ഇരുപത്തൊന്‍പത് സീറ്റുകളില്‍ ഇരുപത്തേഴെണ്ണവും ബിജെപിക്കായിരുന്നു. രാജസ്ഥാനിലെ ഇരുപത്തഞ്ചില്‍ മുഴുവന്‍ സീറ്റുകളും തൂത്തുവാരി. ഛത്തീസ്ഗഡിലെ പതിനൊന്നില്‍ ഒരെണ്ണം മാത്രമേ അവര്‍ക്ക് നഷ്ടമായുള്ളു. ഈ സംസ്ഥാനങ്ങളില്‍ ഇതിലും മെച്ചപ്പെട്ട പ്രകടനം സാധ്യമല്ല. 

ഇനി ഹിന്ദി സംസാരഭാഷയായ സമീപസംസ്ഥാനങ്ങള്‍ കൂടി ചേരുമ്പോള്‍ ചിത്രം കുറേക്കൂടി വ്യക്തമാകും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നിവ കൂടി ചേരുന്ന ഈ മേഖലയില്‍ ആകെയുള്ള 225 സീറ്റുകളില്‍ 2014 ല്‍ ബിജെപിയും ഘടകകക്ഷികളും കൂടി നേടിയത് 203 സീറ്റാണ്. ഇതും പരമാവധിയാണെന്ന് പറയേണ്ടതില്ലല്ലോ. 2019 ല്‍ ഏറ്റവും നിര്‍ണായകമാകാന്‍ പോകുന്നതും ഹിന്ദി ഹൃദയഭൂമിയിലെ ബിജെപിയുടെ പ്രകടനമാണ്. ഇവിടെ വലിയ നഷ്ടമുണ്ടായാല്‍ അത് നികത്താന്‍ കഴിയുന്ന പ്രകടനം മറ്റുസംസ്ഥാനങ്ങളില്‍ സാധ്യമാകുമോ എന്ന് പാര്‍ട്ടി നേതൃത്വത്തിനുപോലും ഉറപ്പില്ല. അവിടെയാണ് ഡിസംബറിലെ നിയമസഭാതിരഞ്ഞെടുപ്പുകള്‍ നിര്‍ണായകമാകുന്നത്. 

ഈ വര്‍ഷവും കഴിഞ്ഞവര്‍ഷവും നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളിലെ കനത്ത തോല്‍വികള്‍ ബിജെപിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ടാകാം. 13 മണ്ഡലങ്ങളില്‍ നടന്ന ഉപതിര‍ഞ്ഞെടുപ്പുകളില്‍ എട്ട് സിറ്റിങ് സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്. നിലനിര്‍ത്തിയത് രണ്ടെണ്ണം മാത്രം. പുതുതായി ഒന്നുപോലും നേടാന്‍ കഴിഞ്ഞതുമില്ല. വോട്ട് വിഹിതത്തില്‍ ഗണ്യമായ ഇടിവും നേരിട്ടു. 2014ല്‍ അധികാരത്തിലെത്തിയശേഷമുള്ള ആദ്യരണ്ടുവര്‍ഷങ്ങളില്‍ നടന്ന ഏഴ് ഉപതിരഞ്ഞെടുപ്പുകളില്‍ ഇതായിരുന്നില്ല സ്ഥിതി. രണ്ട് സിറ്റിങ് സീറ്റുകള്‍ ബിജെപി അനായാസം നിലനിര്‍ത്തി. മറ്റുള്ള അഞ്ചെണ്ണം പ്രാദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എതിരാളികളുടെ ശക്തികേന്ദ്രങ്ങളായിരുന്നു. 

നേര്‍ക്കുനേര്‍ പോരാട്ടം

ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍. തെലങ്കാനയില്‍ കോണ്‍ഗ്രസും തെലങ്കാന രാഷ്ട്രസമിതിയും തമ്മില്‍. മിസോറമില്‍ കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും തമ്മില്‍. ഛത്തീസ്ഗഢില്‍ അജിത് ജോഗി ഒരു മൂന്നാംഘടകമായേക്കാം. പക്ഷേ നേരിട്ടുള്ള പോരാട്ടങ്ങളില്‍ ഒരു പാര്‍ട്ടിയുടെ നഷ്ടം അതേപടി എതിരാളിയുടെ നേട്ടമാകും. രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറിയാല്‍ നഷ്ടം നേരിട്ട് ബിജെപിക്കാകും. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും സ്ഥിതി സമാനമാണ്. ലോക്സഭയില്‍ ബിജെപിയെ പിന്തുണയ്ക്കാന്‍ സാധ്യതയുള്ള കക്ഷികളിലൊന്നാണ് ടി.ആര്‍.എസ്. അവര്‍ക്ക് നഷ്ടം സംഭവിച്ചാലും പരുക്കേല്‍ക്കുന്നത് എന്‍ഡിഎയ്ക്കാണ്. 

മധ്യപ്രദേശിലും രാജസ്ഥാനിലും ഒരു പരിധിവരെ ഛത്തീസ്ഗഢിലും ശക്തമായ ഭരണവിരുദ്ധവികാരമുണ്ട്. ഏറ്റവും ഒടുവിലത്തെ അഭിപ്രായസര്‍വേകള്‍ വരെ പ്രവചിക്കുന്നത് രാജസ്ഥാനില്‍ ബിജെപിക്ക് അടിപതറും എന്നാണ്. മധ്യപ്രദേശിലെ ബലാബലത്തിലും പ്രത്യക്ഷത്തില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ട്. ഛത്തീസ്ഗഢില്‍ രമണ്‍ സിങ്ങിന്റെ പ്രതിച്ഛായയും പ്രതിപക്ഷവോട്ടുകളിലെ ഭിന്നിപ്പും മറികടന്നുവേണം ഭരണം പിടിക്കാന്‍. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുഫലത്തിന് ഹിന്ദിമേഖലയിലാകെ അനുരണനങ്ങള്‍ ഉണ്ടാകും എന്ന വസ്തുത എന്‍ഡിഎയെ കൂടുതല്‍ ജാഗരൂകരാക്കുന്നു. അങ്ങനെ വന്നാല്‍ ഈ മേഖലയില്‍ കൈവശമുള്ള 203 സീറ്റുകളില്‍ കാര്യമായ ചോര്‍ച്ചയുണ്ടാകും. സൗത്ത് ബ്ലോക്കിലേക്കുള്ള തിരിച്ചുവരവ് ദുഷ്കരവും.

നിയമസഭാതിരഞ്ഞെടുപ്പ് ഫലങ്ങള്‍  ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലസൂചനയാണെന്ന് തറപ്പിച്ചുപറയാന്‍ കഴിയാത്തത് രണ്ടിലും ചര്‍ച്ചയാകുന്ന, ഉന്നയിക്കപ്പെടുന്ന വിഷയങ്ങളും വോട്ടര്‍മാരുടെ സമീപനവും വ്യത്യസ്തമായിരിക്കും എന്നതുകൊണ്ടാണ്. 2003–2004 കാലഘട്ടത്തില്‍ നടന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബിജെപി 2004 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പുറത്തായത് ഇതിന് ഉദാഹരണമാണ്. വാജ്പേയ് സര്‍ക്കാരിന്റെ മികച്ച പ്രതിച്ഛായ കൂടി ഉണ്ടായിട്ടും ലോക്സഭയില്‍ ഭൂരിപക്ഷം നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ എല്ലായ്പ്പോഴും സ്ഥിതി ഇതായിക്കൊള്ളണമെന്നില്ല.

വെല്ലുവിളി ചെറുതല്ല, ആര്‍ക്കും

നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിരിച്ചടി നേരിട്ടാല്‍ ബിജെപി നേതൃത്വത്തിന് പല തലങ്ങളിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടിവരും. ഇത് ലോക്സഭാതിരഞ്ഞെടുപ്പിന്റെ ദിശാസൂചികയായി ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഘടകകക്ഷികളും ഭാവിയില്‍ ഒപ്പമെത്തുമെന്ന് കണക്കുകൂട്ടുന്നവരും വിലപേശല്‍ കടുപ്പിക്കും എന്നതാണ് അതിലൊന്ന്. ബിഹാറില്‍ ജെഡിയുവിന് തുല്യമായ സീറ്റുകള്‍ നല്‍കേണ്ടിവന്നത് ഇത്തരമൊരു മുന്‍കരുതലിന്റെ ഭാഗമായിവേണം കാണാന്‍. ശിവസേന പാല്‍ഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി കൂടുതല്‍ വിഹിതം ആവശ്യപ്പെടുമെന്നുറപ്പ്. ത്രികോണമല്‍സരത്തില്‍ ബിജെപിക്ക് കൈമോശം വന്നത് 23 ശതമാനം വോട്ട് വിഹിതമാണ്. പഞ്ചാബില്‍ അകാലിദള്‍ ശബ്ദമുയര്‍ത്താന്‍ ശക്തരല്ല. മറ്റിടങ്ങളിലൊക്കെ ഏറെക്കുറെ ഒറ്റയ്ക്കാണ് പോരാട്ടം. സഖ്യം വിപുലീകരിക്കണമെങ്കില്‍ കാര്യമായ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരുമെന്ന് ചുരുക്കം. 

നിയമസഭാതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ തോല്‍വി പ്രതിപക്ഷഐക്യം ഉറപ്പുള്ളതും വിശാലവുമാക്കും. യുപിയില്‍ ആണ് അവര്‍ക്ക് ഇത് ഏറ്റവും ദോഷം ചെയ്യുക എന്ന് ഉപതിരഞ്ഞെടുപ്പുകള്‍ സൂചന നല്‍കിക്കഴിഞ്ഞു. സഖ്യം പിളര്‍ത്താന്‍ ബിജെപി കിണഞ്ഞ് ശ്രമിക്കുന്നതിന് കാരണവും മറ്റൊന്നല്ല. മറ്റ് സംസ്ഥാനങ്ങളിലും സാഹചര്യത്തിനനുസരിച്ചുള്ള പ്രതിപക്ഷ സഖ്യങ്ങള്‍ ഉണ്ടാകും. കര്‍ണാടകം നല്‍കിയ ആത്മവിശ്വാസം ഉപതിരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ അരക്കിട്ടുറപ്പിക്കാന്‍ കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തിന് കഴിയുകയും ചെയ്തു. ഇത്തരം സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ടാണ് ചന്ദ്രബാബു നായിഡു വിശാലസഖ്യരൂപീകരണത്തിനുള്ള ഏകോപനച്ചുമതല സ്വയം ഏറ്റെടുത്തത്. അതിന്റെ നേതൃത്വത്തില്‍ സ്വയം അവരോധിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധം പിടിക്കാതിരിക്കുന്നതും ഭാവി സാധ്യതകള്‍ മുന്നില്‍ക്കണ്ടുതന്നെയാണ്.

രണ്ട് വലിയ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തോല്‍വി സംഭവിച്ചാല്‍ സാമ്പത്തികമായും പ്രതിപക്ഷകക്ഷികള്‍ നേട്ടമുണ്ടാക്കും. ഇപ്പോള്‍ ഏകപക്ഷീയമായി ബിജെപിയിലേക്ക് ഒഴുകിയെത്തുന്ന തിരഞ്ഞെടുപ്പ് സംഭാവനകളില്‍ ഒരുപങ്ക് കോണ്‍ഗ്രസിനും മറ്റ് പാര്‍ട്ടികള്‍ക്കും ലഭിക്കും. 2019ല്‍ ഇത് കുറേക്കൂടി സംതുലിതമായ പോരാട്ടത്തിന് വഴിതുറക്കുമെന്നും കരുതാം. എന്നാല്‍ ഏറ്റവും സമ്പന്നരായ കോര്‍പറേറ്റുകള്‍ക്ക് നരേന്ദ്രമോദി എന്ന ബ്രാന്‍ഡിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല എന്നതും കാണേണ്ടതാണ്. കേന്ദ്രത്തില്‍ ബിജെപി ഇതരസര്‍ക്കാരിനുള്ള സാധ്യത തെളിഞ്ഞാല്‍ ഇപ്പോള്‍ ബിജെപി വക്താക്കളേക്കാളും വീറോടെ കേന്ദ്രസര്‍ക്കാരിനേയും പാര്‍ട്ടി നേതൃത്വത്തേയും പ്രതിരോധിക്കുന്ന ദേശീയ മാധ്യമങ്ങളില്‍ ഒരുവിഭാഗവും നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായിത്തീരും. അതും പ്രചാരണരംഗത്തെ ഏകപക്ഷീയസര്‍വാധിപത്യം കുറയ്ക്കാന്‍ വഴിയൊരുക്കും. 

കാവി ഉയര്‍ന്നുപാറിയാല്‍

നിയമസഭാതിരഞ്ഞെടുപ്പുകളില്‍ ബിജെപി കളംപിടിച്ചാല്‍ ഒന്നാമത്തെ തിരിച്ചടി വിശാലപ്രതിപക്ഷ ഐക്യത്തിനാണ്. അതുവഴി കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് ശ്രമങ്ങള്‍ക്കും. ബിജെപിയുടെ തിരഞ്ഞെടുപ്പ് മെഷിനെറി കൂടുതല്‍ ഊര്‍ജത്തോടെ ഉണരും. കരുത്തുറ്റ സംഘടനാസംവിധാനവും ആര്‍എസ്എസിന്റെ പിന്‍ബലവും മോദിയുടെ വാഗ്ധോരണിയും ഒരിക്കല്‍ക്കൂടി അല്‍ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവരെ പര്യാപ്തരാക്കിയാല്‍ അല്‍ഭുതപ്പെടാനില്ല. കഴിഞ്ഞകാലമുന്നേറ്റങ്ങള്‍ക്ക് കരുത്തേകിയ നൂതന പ്രചാരണതന്ത്രങ്ങളും അതിശക്തമായ സാമ്പത്തികപിന്‍ബലവും അളവറ്റ മാധ്യമസ്വാധീനവും എല്ലാറ്റിനുമുപരി പരിധിയില്ലാത്ത സമൂഹമാധ്യമതന്ത്രങ്ങളുമെല്ലാം എതിരാളികള്‍ക്കുമേല്‍ എല്ലായ്പ്പോഴും ആധിപത്യം സൃഷ്ടിക്കാന്‍ പോന്നതാണ്.

രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും അഞ്ചുമാസം എന്നത് ഇക്കാലത്ത് വലിയ കാലയളവാണ്. ഇന്നുവരെ ചര്‍ച്ചചെയ്തിരുന്ന വിഷയങ്ങള്‍ അപ്രസക്തമാക്കപ്പെടാം. പുതിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാം. പഴയ വിവാദങ്ങള്‍ പൊടിതട്ടിയെടുക്കാം. അയോധ്യയും ശബരിമലയും പോലുള്ള വൈകാരികവിഷയങ്ങള്‍ കളംനിറയാം. തിരിച്ചടിയുണ്ടാക്കുമെന്ന് തോന്നിക്കുന്നതൊക്കെ വോട്ടറുടെ ശ്രദ്ധയില്‍ നിന്നും മനസില്‍ നിന്നും തൂത്തെറിയാന്‍ പര്യാപ്തമായ രീതിയില്‍ ബോധപൂര്‍വം പുതിയ പ്രശ്നങ്ങള്‍ ഉയര്‍ത്തിവിടാന്‍ ഇന്ന് അത്ര പ്രയാസമൊന്നുമില്ല. രാഷ്ട്രീയത്തിനപ്പുറം മതവും അതിര്‍ത്തിയും ആരോപണങ്ങളും പ്രക്ഷോഭങ്ങളും കലാപങ്ങളും വരെ അതില്‍ ഉപകരണങ്ങളായേക്കാം. അങ്ങനെവരുമ്പോള്‍ നിയമസഭാതിരഞ്ഞെടുപ്പുകള്‍ ജയിച്ചതുകൊണ്ടുമാത്രം പൊതുതിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞെന്നുവരില്ല. നിയമസഭയില്‍ വിജയിക്കുന്നവര്‍ അതില്‍ അഭിരമിച്ചുനില്‍ക്കുകയും ലക്ഷ്യം മറന്ന് ആവേശം കൊള്ളുകയും ചെയ്താല്‍ സെമിഫൈനലില്‍ പ്രകടനം മോശമാക്കിയവര്‍ ഫൈനലില്‍ കപ്പ് കൊണ്ടുപോകും. ടീസര്‍ കണ്ടുമാത്രം സിനിമ നന്നായിരിക്കുമെന്ന് ഉറപ്പിക്കരുതെന്ന് ചുരുക്കം.