'സ്റ്റാലിൻ മോദിയേക്കാള്‍ വലിയ നേതാവ്'; ഡിഎംകെ പാളയത്തിൽ മഹാസഖ്യനീക്കം

മാസങ്ങൾ മാത്രം അകലെയുള്ള ലോക്സഭാതിരഞ്ഞെടുപ്പിൽ ബിജെപിയെ തുരത്താനുള്ള '19-ാം അടവ് പയറ്റുകയാണ് പ്രതിപക്ഷം. കൂട്ടിയും കിഴിച്ചും പുത്തൻ സമവാക്യങ്ങളുണ്ടാക്കുമ്പോൾ വിട്ടുവീഴ്ചകൾ‌ ചെയ്യേണ്ടി വന്നാലും പ്രതിപക്ഷ പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് കോൺഗ്രസിന്. മുന്‍വൈരങ്ങളെല്ലാം മറന്ന് കോണ്‍ഗ്രസിനൊപ്പം നിൽക്കുമെന്ന് പ്രതിപക്ഷ പാർട്ടികളിൽ ചിലത് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ടിഡ‍ിപി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ആണ് പ്രതിപക്ഷ ഐക്യത്തിനു ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനി. 

മൂന്നാംമുന്നണി സാധ്യതകൾ‌ ചർച്ച ചെയ്യാന്‍ തമിഴ്നാട്ടിലെത്തിയ നായിഡു ഡിഎംകെ പാളയത്തിൽ പാളയത്തില്‍ നടത്തിയ സഖ്യചർച്ചകൾക്കു ശേഷം മോദിയേക്കാൾ വലിയ നേതാവെന്നാണ് സ്റ്റാലിനെ വിശേഷിപ്പിച്ചത്. ചെന്നൈ അല്‍വാര്‍പേട്ടിലെ സ്റ്റാലിന്‍റെ വസതിയില്‍ വച്ച് നടന്ന ചര്‍ച്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്റ്റാലിനുള്ള പ്രശംസ. നേതാവല്ല, നേതാക്കളാകും മഹാസഖ്യത്തിനുണ്ടാകുക എന്നും നായിഡു പറഞ്ഞു. ബിജെപിക്കെതിരായ പ്രതിപക്ഷ സഖ്യത്തിന് പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് സ്റ്റാലിനും പ്രഖ്യാപിച്ചു. മഹാസഖ്യത്തിനുള്ള തുടർനീക്കങ്ങള്‍ ഉണ്ടാകുമെന്നു തന്നെയാണ് ഇരുവരും അറിയിച്ചത്. ബിജെപി വിരുദ്ധ മുഖ്യമന്ത്രിമാരുടെ യോഗം ചേരുമെന്നും ഇരുവരും അറിയിച്ചു. 

സഖ്യനീക്കങ്ങളുടെ ഭാഗമായി കർണാടകത്തിലെത്തി മുഖ്യമന്ത്രി കുമാരസ്വാമിയേയും മുൻപ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയേയും സന്ദർശിച്ചതിനു ശേഷമാണ് നായിഡു തമിഴ്നാട്ടിലെത്തിയത്. 

ഉപതിരഞ്ഞെടുപ്പോടെ മറ്റു സംസ്ഥാനങ്ങൾക്ക് അനുകരണീയമായ മാതൃക കർണാടക സൃഷ്ടിച്ചെന്നും പ്രതിപക്ഷ ഐക്യത്തെ ചെറുക്കാൻ ബിജെപിക്ക് ആകില്ലെന്നുമാണ് കർണാടകത്തില്‍ നായിഡു പറ‍ഞ്ഞത്. അത്തരമൊരു സഖ്യം യാഥാർത്ഥ്യമായാൽ ആരാകും നയിക്കുക എന്ന ചോദ്യത്തിന് അതേപ്പറ്റി താൻ ഇപ്പോൾ ചിന്തിക്കുന്നതേ ഇല്ലെന്നും പ്രധാനമന്ത്രി പദമല്ല രാജ്യത്തെ രക്ഷിക്കുക എന്നതാണ് തന്‍റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

2019 ലെ തിരഞ്ഞെടുപ്പ് 1996 ൻറെ ആവർത്തനമായിരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറ‍ഞ്ഞു. നായിഡുവും ദേവഗൗഡയും പഴയ സുഹൃത്തുക്കളാണ്. അവരുടെ കണക്കുകൂട്ടലുകൾ തെറ്റില്ലെന്നും കുമാരസ്വാമി പ്രതികരിച്ചു.

കോൺഗ്രസുമായുള്ള പതിറ്റാണ്ടുകൾ നീണ്ട വൈരം അവസാനിപ്പിച്ച് സഖ്യസാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യാന്‍ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും നായിഡു സന്ദർശിച്ചിരുന്നു.