പോത്തു മുതൽ ഗിർ പശു വരെ; സൂക്ഷിക്കണം ഈ തട്ടിപ്പു സംഘങ്ങളെ

ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ രാജ്യത്ത് പിടിമുറുക്കുകയാണ്. മോഹനവാഗ്ദാനങ്ങൾ പലതും നൽകിയാണ് ഇവർ ആളുകളെ വലയിലാക്കുന്നത്. പോത്തു മുതൽ ഹൈടെക് സാങ്കേതിക വിദ്യവരെ വിൽക്കാനുണ്ടെന്ന് പരസ്യംനൽകി ഇവർ ഇരകളെ വലയിൽ വീഴ്ത്തുന്നു. 70 മൊബൈൽ ഫോണുകൾ, 25 എടിഎം കാർഡുകൾ എന്നിവ ഉൾപ്പെടെ 165 തൊണ്ടി മുതലുകൾ സംഘത്തിൽനിന്നു പിടികൂടിയിട്ടുണ്ട്. 

ആന്ധ്ര നെല്ലൂർ സ്വദേശിക്കു പോത്തിനെ വാഗ്ദാനം ചെയ്ത തട്ടിയെടുത്തത് 3 ലക്ഷം രൂപ. ഓണലൈനിൽ മരുന്നു വാങ്ങാൻ ശ്രമിച്ച ഹൈദരാബാദ് സ്വദേശിക്ക് നഷ്ടമായത് 6 ലക്ഷം രൂപ.  ഗിർ പശുവിനെ വിൽക്കാനുണ്ടെന്ന പരസ്യത്തിൽ കുടുങ്ങിയ ചെന്നൈ സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ. ഗോവ സ്വദേശിക്ക് 1.20 കോടി രൂപ നഷ്ടമായെന്നും റിപ്പോർട്ടുണ്ട്. 

കുട്ടികളുടെ പ്ലേ സ്റ്റേഷൻ വിൽക്കാനുണ്ടെന്ന് ഓൺലൈനിൽ പരസ്യം ചെയ്ത മലപ്പുറം സ്വദേശിനിയിൽനിന്ന് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ബെല്ലേ പമിലറിൻ ഡബോറയെ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തിനിടെ നൈജീരിയ, കാമറൂൺ, രാജസ്ഥാൻ സ്വദേശികളായ അഞ്ച് പേരെയും അറസ്റ്റ് ചെയ്തു. സ്റ്റുഡന്റ് വീസയിലാണ് സംഘം ഇന്ത്യയിൽ എത്തിയത്.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തത് മെറ്റൽ ചുരുളിനു 4 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിലാണ്. ഇവർ പിടിയിലായതറിഞ്ഞ് ഗോവ, ഹൈദരാബാദ്, ബെംഗളൂരു പൊലീസ് മഞ്ചേരിയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. നാണക്കേട് ഭയന്ന് പരാതി നൽകാത്തവർ ഇനിയുമുണ്ടാകുമെന്ന് പൊലീസ് പറയുന്നു.