രാജ്യത്ത് ഇനി ഒറ്റ ലൈസൻസ്; മാറ്റങ്ങൾ 2019ൽ

രാജ്യത്ത് ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 2019 ജൂലൈ മാസത്തിനകം സംവിധാനം പ്രാവര്‍ത്തികമാക്കും. മൈക്രോ ചിപ്പ് അടക്കംചെയ്ത ലൈസന്‍സാണ് ജനങ്ങളിലേക്കെത്തുന്നത്.

രാജ്യത്തെ ഇരുപത്തിയഞ്ച് ശതമാനം ആളുകൾ വ്യാജ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ചാണ് വണ്ടി ഓടിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന്‍റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഒറ്റ ലൈസന്‍സ് നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

നിറവും രൂപവും സുരക്ഷാസവിശേഷതകളും ഒന്നുതന്നെയായിരിക്കും. രാജ്യത്തെ ഏത് സംസ്ഥാനത്തെയും പൊലീസ് സംവിധാനത്തിന് ലൈസന്‍സ് ഉടമയെ കുറിച്ചുളള വിവരങ്ങള്‍ ഉടന്‍ ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം. സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലുളള ലൈസന്‍സില്‍ മൈക്രോ ചിപ്പ് അടക്കം ചെയ്യും. ക്യു ആര്‍ കോഡും രേഖപ്പെടുത്തും. ‌ഏത് സംസ്ഥാനക്കാരനാണെന്നും ലൈസന്‍സ് നല്‍കിയ ആര്‍.ടി.ഒയുടെ വിവരവും രേഖപ്പെടുത്തും. 

രക്തഗ്രൂപ്പും അവയവദാനത്തിന് താല്‍പര്യം അറിയിച്ചിട്ടുണ്ടെങ്കില്‍ അതു സംബന്ധിച്ച വിശദാംശങ്ങളും സ്മാര്‍ട്ട് കാര്‍ഡിലുണ്ടാകും. പുതിയതായി ലൈസന്‍സ് എടുക്കുന്നവര്‍ക്ക് മാത്രമല്ല, പുതുക്കുന്നവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈന്‍സുകളാകും വിതരണം ചെയ്യുക.