കെഎസ്ആർടിസി ബസിനു മുന്നിൽ സ്കൂട്ടറിൽ അഭ്യാസം; യുവാക്കൾക്കെതിരെ കേസ്

കൊല്ലത്ത് ഓടികൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുന്നിൽ അഭ്യാസ പ്രകടനം നടത്തിയ യുവാക്കൾക്കെതിരെ  കേസെടുത്തു. സ്കൂട്ടറും  പിടിച്ചെടുത്തിട്ടുണ്ട്. ബുധനാഴ്ച്ച ഉച്ചയോടെ കൊല്ലം ബൈപാസിലായിരുന്നു യുവാക്കളുടെ അഭ്യാസം. മലപ്പുറം ഡിപ്പോയിലെ കെ.എസ്.ആർ.ടി ബസിനു മുന്നിൽ പത്തുമിനിറ്റോളം അപകടകരമായ രീതിയിൽ വണ്ടി ഓടിച്ചു. 

ദ്യശ്യങ്ങൾ കണ്ടക്ടർ മൊബൈലിൽ പകർത്തി മോട്ടോർ വാഹന വകുപ്പിന് കൈമാറി. അതിരാവിലെ തന്നെ ഉദ്യോഗസ്ഥർ ഇരുചക്രവാഹനം കസ്റ്റഡിയിലെടുത്തു. ശക്തികുളങ്ങര സ്വദേശി എസ്.ഉണ്ണികൃഷ്ണനെതിരെ കേസും രജിസ്റ്റർ ചെയ്തു. വാഹനം ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. അപകടകരമായി വാഹനം ഓടിച്ചതിനു പുറമേ ഹെൽമറ്റ് ധരിക്കാതിരുന്നതിനും കേസെടുത്തിട്ടുണ്ട്. ഉണ്ണികൃഷ്ണന്റെ  ലൈസൻസ് റദ്ദാക്കുമെന്നും മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു.