1950 മുതല്‍ ലൈസന്‍സില്ലാതെ വാഹനം ഓടിക്കുന്നു; അവസാനം കുടുങ്ങി

Representative Image

1950 മുതല്‍ ലൈസന്‍സും മറ്റ് രേഖകളുമില്ലാതെ വാഹനമോടിക്കുന്നു. ഒടുവില്‍ പിടിയിലായത് 72 വര്‍ഷങ്ങള്‍ക്കിപ്പുറം. നോട്ടിംഗ്ഹാംഷെയറില്‍ ജനുവരി 26നാണ്  സംഭവം. ബുള്‍വെല്ലില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തുന്നതിനിടെ യാദൃശ്ചികമായാണ് ഈ 80കാരന്‍ പിടിയിലാകുന്നത്. പൊലീസ് വാഹനം തടഞ്ഞ് ലൈസന്‍സ് ആവശ്യപ്പെട്ടപ്പോഴാണ് കാര്യം തുറന്ന് പറഞ്ഞത്. നില്‍ക്കാനാകാത്ത വിധം ആരോഗ്യപ്രശ്നങ്ങളും കേള്‍വിക്കുറവുമുള്ളതിനാല്‍ വയോധികന്‍ വാഹനം ഓടിക്കുന്നത് സുരക്ഷിതമല്ലെന്നും പൊലീസിന് മനസ്സിലായി. 

ബുധനാഴ്ച ഷേര്‍വുഡ്ഡിനടുത്തായി പട്രോളിംഗ് നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ വയോധികന്‍റെ കാര്‍ തടയുകയും ലൈസന്‍സ് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് 72 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി പിടിക്കപ്പെടുന്നത്. പന്ത്രണ്ടാം വയസ്സ് മുതല്‍ താന്‍ ഇന്‍ഷുറന്‍സും ലൈസന്‍സുമില്ലാതെ വാഹനമോടിക്കുന്നുണ്ടെന്നും ഇതുവരെയും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പോലും തടഞ്ഞിട്ടില്ലെന്നും വയോധികന്‍ വെളിപ്പെടുത്തി.  അന്ന് നിയമപരമായി കാർ ഓടിക്കാനുള്ള പ്രായമായിരുന്നില്ലെങ്കിലും, ആദ്യ യാത്രകളിലൊന്നും  പിടിക്കപ്പെടാത്തത് ധൈര്യമായി. പ്രായപൂര്‍ത്തിയായതിന് ശേഷവും ലൈസന്‍സെടുക്കാതെ തന്നെ വാഹനം ഓടിച്ചു. ഇതുവരെ, ആരുടെയും ശ്രദ്ധയില്‍ പെടാതെ എങ്ങനെയൊക്കെയോ രക്ഷപ്പെട്ടു. യുകെയില്‍ 1935 ജൂണിൽ എല്ലാ ഡ്രൈവർമാർക്കും നിർബന്ധിത പരിശോധന നിലവില്‍ വന്നെങ്കിലും അന്നും നിയമപരമായി ടെസ്റ്റ് നടത്തിയില്ല. ശ്രദ്ധാപൂർവമായി തന്നെ വാഹനം ഓടിച്ചതിനാല്‍ ഒരിക്കല്‍ പോലും പൊലീസിന് സംശയം തോന്നിയില്ല. അങ്ങനെ പരിശോധനയില്‍ നിന്ന് പലപ്പോഴും ഒഴിവായി. 

ഭാഗ്യവശാല്‍ ഇതുവരെയും വയോധികന്‍ ഒരു അപകടത്തില്‍ പെടുകയോ, മറ്റുള്ളവരെ പരുക്കേല്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് പൊലീസ് പറയുന്നു. എന്നാല്‍ 72 വർഷമായി പിടിക്കപ്പെടാതെ വാഹനം ഓടിക്കുന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് ചിലരുടെ പ്രതികരണം.