ചൈല്‍ഡ്‌ലോക്ക് സംവിധാനം നീക്കും; ബെംഗളൂരുവില്‍ വെബ്ടാക്സികൾക്ക് പുതിയ നടപടി

ബെംഗളൂരുവില്‍ വെബ്ടാക്സി യാത്രക്കാരുടെ സുരക്ഷയ്ക്കായി പുതിയ നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. വെബ്ടാക്സികളിലെ ഷെയര്‍ സംവിധാനം, കാറുകളിലെ ചൈല്‍ഡ് ലോക്ക് സംവിധാനം എന്നിവ നീക്കാനുള്ള നടപടികളിലേയ്ക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. നഗരത്തില്‍ വെബ്ടാക്സികള്‍ കേന്ദ്രീകരിച്ചുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. എന്നാല്‍ ഗൗരവമേറിയ ഈ വിഷയത്തില്‍ നടപടി വൈകിപ്പിച്ചതുവഴി സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. 

  

ബെംഗളൂരു നഗരത്തില്‍ കഴി‍ഞ്ഞ മൂന്ന് മാസത്തിനിടെ വെബ്ടാക്സികളില്‍ സ്ത്രീകള്‍ക്ക് നേരെ നിരവധി അതിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഷെയര്‍ ടാക്സി സംവിധാനം നിര്‍ത്തലാക്കുന്നതടക്കമുള്ള നടപടികളിലേയ്ക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. തുക കുറവായതിനാല്‍ ഏറെപ്പേരും ആശ്രയിക്കുന്നത് ഷെയര്‍ടാക്സികളാണ്, എന്നാല്‍ അപരിചിതര്‍ ഒന്നിച്ചുള്ള യാത്രയില്‍ നിരവധി കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.   

സ്ത്രീകള്‍ക്കെതിരെ വെബ്ടാക്സി ഡ്രൈവ്ര‍മാരുടെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ചൈല്‍ഡ് ലോക്ക് നീക്കം ചെയ്യുന്നത്. ഡ്രൈവർ ചൈൽഡ് ലോക്ക് ഓണാക്കിയാൽ യാത്രക്കാർക്ക് കാറിന്റ വാതിൽ തുറക്കാൻ കഴിയില്ലെന്നതാണ് സ്ത്രീകൾക്കു ഭീഷണിയാകുന്നത്.  ജൂലൈയിൽ സർക്കാർ ഇതു സംബന്ധിച്ച് ബിൽ തയാറാക്കിയിരുന്നു. 2016ലെ കർണാടക ഓൺഡിമാൻഡ് ട്രാൻസ്പോർട്ടേഷൻ ടെക്നോളജി അഗ്രിഗേറ്റേഴ്സ് നിയമത്തിൽ ഭേദഗതി വരുത്തിയാലേ ഇതു പ്രാബല്യത്തിലാകു.

എന്നാൽ മൂന്നു മാസമായിട്ടും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയച്ച ബിൽ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ്. ഇത്രഗൗരവമേറിയ വിഷയത്തിൽ സർക്കാരിന്റെ അലംഭാവത്തെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ചൈല്‍ഡ് ലോക്ക്  നീക്കണം എന്നാവശ്യപ്പെട്ട് ബെംഗളൂരുവിലെ ഒരു സംഘടനയാണ്  ഹൈക്കോടതിയെ സമീപിച്ചത്.