പബ്ബിലെത്തിയപ്പോൾ പഴ്സ് കാണുന്നില്ല; കാബ് ഡ്രൈവറെ വിളിച്ചപ്പോൾ സംഭവിച്ചത്?; വൈറൽ

മുംബൈയിലെ ഒരു കാബ് ഡ്രൈവറുടെ സത്യസന്ധതയുടെ കഥയാണ് ഇപ്പോൾ ഓൺലൈൻ ലോകത്ത് വൈറലാകുന്നത്. പാപ സൈറ എന്നയാളാണ് തനിക്ക് ഉണ്ടായ അനുഭവം ട്വിറ്ററിലൂടെ പങ്കുവച്ചത്. ആസിഫ് ഇക്ബാൽ അബ്ദുൽ ഗഫർ പഠാൻ എന്ന ഒല കാബ് ഡ്രൈവറാണ് കഥയിലെ നായകൻ. ഒല കാബ്സിനെ മെൻഷൻ ചെയ്ത് സൈറ കുറിച്ചിരിക്കുന്നത് ഇതാണ്.

'നിങ്ങളുടെ ഡ്രൈവറിൽ നിന്നും എനിക്ക് നേരിട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ്. അയാൾ മിനി ഹ്യൂണ്ടായി ആക്സന്‍റ് ആണ് ഓടിക്കുന്നത്. ഞാനും എന്റെ ഭാര്യയും ഹീരനന്ദിനി പൊവായലെ വീച്ചിൽ നിന്ന് ജൂൺ 10-ന് വൈകുന്നേരമാണ് കാബ് ബുക്ക് ചെയ്തത്. എന്റെ പിറന്നാൾ ആഘോഷിക്കാനായി ഒരു പബ്ബിലേക്ക് പോകാനായിരുന്നു അത്. പോകുന്ന വഴിക്ക് നല്ല മഴയുണ്ടായിരുന്നു. ഡ്രൈവർ ഫോണിൽ ഭാര്യയോട് സംസാരിക്കുന്നത് ഞങ്ങൾ കേട്ടു. നല്ല മഴയാണെന്നും കുട്ടികളെ പുറത്തേക്ക് വിടരുതെന്നുമാണ് അയാൾ പറഞ്ഞത്. 

അതിനുശേഷം ഞങ്ങളോടും അയാൾ സംസാരിച്ചു. നല്ല ട്രാഫിക് ബ്ലോക്കുണ്ടിയരുന്നു. പക്ഷേ ക്ഷമയോടെ അയാൾ ഞങ്ങളെ എത്തേണ്ടിടത്ത് എത്തിച്ചു. ഡ്രൈവറിന് നന്ദി പറഞ്ഞ് ഞങ്ങൾ പബ്ബിൽ സുഹൃത്തുക്കളുടെ അടുത്തേക്ക് നീങ്ങി. ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് എന്റെ പഴ്സ് കാണാനില്ലെന്ന് ഞാൻ മനസ്സിലാക്കുന്നത്. കാബിൽ വച്ചാണ് പഴ്സ് നഷ്ടപ്പെട്ടതെന്ന് മനസ്സിലായി. ഉടൻ തന്നെ ഡ്രൈവറെ അറിയിച്ചു. അപ്പോൾ അയാൾ പറഞ്ഞത് പഴ്സ് കാബിൽ നിന്ന് കണ്ടെത്തിയെന്നും അത് എനിക്ക് കൈമാറാനായി സൂക്ഷിച്ചിട്ടുണ്ടെന്നുമാണ്. 

കുറച്ച് സമയത്തിന് ശേഷം അയാൾ പബ്ബിലേക്കെത്തുകയും പഴ്സ് കൈമാറുകയും ചെയ്തു. ഒപ്പം എനിക്ക് പിറന്നാൾ ആശംസകളും നേർന്നു. ഞാൻ നന്ദി പറഞ്ഞപ്പോഴാണ് അയാൾ ആ രഹസ്യം പറഞ്ഞത്. ഇന്ന് എന്റെയും പിറന്നാൾ ആണ് എന്ന്. എന്തൊരു യാദൃച്ഛികം. ഞാൻ ചിന്തിച്ചു'. സൈറ ട്വിറ്ററിൽ കുറിച്ചു.എന്തായാലും പഠാന്റെ നന്മയുടെയും സത്യസന്ധതയുടെയും കഥ സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുകയാണ്.