കോടതി ഉത്തരവിനെ വെല്ലുവിളിച്ച് വിമാനത്താവളത്തിലെ ടാക്സി ഡ്രൈവർമാർ

ഹൈക്കോടതി ഉത്തരവിനെ വെല്ലുവിളിച്ച് കോഴിക്കോട് വിമാനത്താളത്തിലെ ടാക്സി ഡ്രൈവര്‍മാര്‍ രംഗത്ത്. ഓണ്‍ലൈന്‍ ടാക്സികള്‍  വിമാനത്താളത്തിന് അകത്ത് കയറി  ആളുകളെ കയറ്റിയാല്‍ തടയുമെന്ന് ടാക്സി കോര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സര്‍വീസ് നടത്താന്‍ പൊലീസ് സുരക്ഷ നല്‍കണമെന്ന് കഴിഞ്ഞ ദിവസം  ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

 യാത്രക്കാരെ കയറ്റുന്നത് സംബന്ധിച്ച് പരമ്പരാഗത ടാക്സി തൊഴിലാളികളും ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരും തമ്മില്‍ കയ്യാങ്കളി പതിവായതോടെയാണ് ഹൈക്കോടതി ഇടപെട്ടത്.  ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് സര്‍വീസ് നടത്താന്‍ പൊലീസ് സംരക്ഷണം നല്‍കാനായിരുന്നു ഉത്തരവ്. എന്നാല്‍  പൊലീസ് സംരക്ഷണമുണ്ടായാലും  വിമാനത്താവളത്തിനുള്ളില്‍ നിന്ന് യാത്രക്കാരെ കയറ്റാന്‍ ഓണ്‍ലൈന്‍ ടാക്സികളെ അനുവദിക്കില്ലെന്നാണ്  വിമാത്താളത്തിലെ പ്രീപെയ്ഡ് ടാക്സി ഉടമകളുടെ നിലപാട്.

വിമാനത്താവള അതോറിറ്റിയില്‍ നിന്ന് ലൈസന്‍സ് എടുത്ത് സര്‍വീസ് നടത്തുന്ന ഇരുന്നൂറിലധികം ടാക്സികളുടെ  ഉടമകളാണ് ഹൈക്കോടതി വിധി തള്ളി രംഗത്ത് എത്തിയത്.  ഓണ്‍ലൈന്‍ ടാക്സി ഡ്രവൈര്‍മാരും പരമ്പരാഗത ടാക്സി ഉടമകളും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക് എത്തി.