ഓൺലൈൻ കമ്പനികളുടെ ചൂഷണം; സമരം ശക്തമാക്കി ടാക്സി ഡ്രൈവർമാർ

കൊച്ചിയില്‍ ഒാണ്‍ലൈന്‍ ടാക്സി സമരം തുടരും. ഗതാഗതകമ്മിഷണര്‍ കെ.പത്മകുമാറും കലക്ടര്‍ മുഹമ്മദ് സഫീറുല്ലയും ‍ഡ്രൈവര്‍മാരുമായി നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താമെന്ന് കമ്മിഷണര്‍ ഉറപ്പുനല്‍കിയെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കും വരെ സമരം തുടരാനായിരുന്നു ഡ്രൈവര്‍മാരുടെ തീരുമാനം.

ഓണ്‍ലൈന്‍ ടാക്സി സമരം അഞ്ചാം ദിവസമെത്തിയപ്പോഴാണ് ഡ്രൈവര്‍മാരെ ഗതാഗത കമ്മിഷണര്‍ ചര്‍ച്ചയ്ക്ക് വിളിപ്പിച്ചത്. ഡ്രൈവര്‍മാരുമായും കമ്പനി പ്രതിനിധികളുമായും പ്രത്യേകം ചര്‍ച്ച നടത്തിയ കമ്മിഷണര്‍ പ്രശ്നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഉറപ്പ് നല്‍കി.

കമ്മിഷണറുടെ നിലപാട് അംഗീകരിക്കില്ലെന്ന് നിലപാടെടുത്ത ഡ്രൈവര്‍മാര്‍ വേഗത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടു. കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നിയമം കൊണ്ടുവരണം. സര്‍ക്കാര്‍ സമരത്തില്‍ ഇടപെടുന്നത് വരെ സമരം തുടരും.

കമ്പനികളുടെ അമിത കമ്മിഷന്‍ അവസാനിപ്പിക്കുക, വേതനം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഡ്രൈവര്‍മാര്‍ സമരം നടത്തുന്നത്. സമരത്തിന്റെ ഭാഗമായി ഒാണ്‍ലൈന്‍ ഡ്രൈവേഴ്സ് യൂണിയന്‍ പ്രസിഡന്റ് ജാക്സണ്‍ വര്‍ഗീസ് നടത്തുന്ന നിരാഹാര സമരവും തുടരുകയാണ്.