‘ഇന്ധന’ചോദ്യത്തിന് തല്ല്; പിന്നാലെ വീട്ടിലെത്തി മാപ്പുപറഞ്ഞ് ബിജെപി അധ്യക്ഷ: വിഡിയോ

‘സുഖമായിട്ടിരിക്കുന്നോ ചേട്ടാ..’ അടിയ്ക്ക് പിന്നാലെ ചിരിയും മധുരവും തോളില്‍ തട്ടി ഇൗ ചോദ്യവുമായി ആ സാധാരണക്കാരനെ തേടിയെത്തിയിരിക്കുകയാണ് തമിഴ്നാട് ബിജെപി നേതാക്കൾ.  ഒരു രാത്രി വെളുത്തപ്പോഴേക്കും ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിള്‍ഇസൈ സൗന്ദരരാജയും സംഘവും കതിർ എന്ന ഒാട്ടോ ഡ്രൈവറുടെ വീട്ടിലെത്തി മാപ്പു പറഞ്ഞു. വൻവിവാദമായ ആ മർദനത്തിന് പിന്നാെല തലോടലുമായി എത്തി ഉയർന്ന ജനരോഷം തണുപ്പിക്കാനുള്ള ശ്രമത്തിലാണ് തമിഴ്നാട് ബിജെപി നേതൃത്വം. സാധാരണക്കാരന്റെ നടുവൊടിക്കുന്ന ഇന്ധനവില വർധനവിനെക്കുറിച്ച്  ബിജെപി സംസ്ഥാന അധ്യക്ഷയോട് അഭിപ്രായം ചോദിച്ച കതിർ എന്ന ഓട്ടോ ഡ്രൈവറെ ബിജെപി പ്രവർത്തകർ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് തമിള്‍ഇസൈ സൗന്ദരരാജയും ബിജെപി നേതാക്കളും കതിരിന്റെ വീട്ടിലെത്തി മാപ്പ് ചോദിച്ചത്. കയ്യിൽ മധുരവുമായിട്ടായിരുന്നു നേതാക്കളുടെ ഭവന സന്ദർശനം. കതിരിന് മധുരം നൽകിയ ശേഷം സംഭവിച്ച തെറ്റിന് നേതാവ് മാപ്പുചോദിക്കുകയും ചെയ്തു. വളരെ സ്നേഹത്തോടെയാണ് ഇവരെ കതിരും കുടുംബവും പെരുമാറിയത്. തനിക്ക് രാഷ്ട്രീയമൊന്നുമില്ലെന്നും ഇത് സാധാരണക്കാരന്റെ പ്രശ്നമായത് കൊണ്ടാണ് അങ്ങനെ ചോദിച്ചതെന്നും കതിർ ബിജെപി നേതാക്കളോട് വ്യക്തമാക്കി. 

ബിജെപി അധ്യക്ഷ മാധ്യമങ്ങോളോട് സംസാരിക്കുന്നതിന് ഇടയിലാണ് കതിർ ഇന്ധനവില വർധനവിനെക്കുറിച്ച് അഭിപ്രായം ചോദിച്ചത്. 'അക്കാ ഒരു നിമിഷം, പെട്രോൾ വില ഒാരോ ദിനവും ഏറിയിട്ടിറുക്ക്..’ ചോദ്യം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ഇയാളെ ബിജെപി പ്രവർത്തകർ പിടിച്ചുമാറ്റി മർദിക്കുകയായിരുന്നു. കതിറിന് മര്‍ദ്ദനമേല്‍ക്കുമ്പോഴും ഇത് കണ്ടില്ലെന്ന ഭാവത്തില്‍ നില്‍ക്കുകയായിരുന്നു ബിജെപി അധ്യക്ഷ. ഇത് വലിയ രോഷത്തിനിടയാക്കിയിരുന്നു.  ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മാപ്പ് പറഞ്ഞ് തടിയൂരാൻ നേതൃത്വം തീരുമാനിച്ചത്.  

ഉയരുന്ന ഇന്ധനവിലയോട് ഒരു ഓട്ടോ ഡ്രൈവര്‍ എന്ന നിലയിലുള്ള തന്റെ പ്രതിഷേധം കാട്ടുക മാത്രമാണ് ചെയ്തതെന്നും പക്ഷേ ചിലര്‍ അത് തെറ്റായാണ് എടുത്തതെന്നും കതിര്‍ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. 'ഭക്ഷണത്തിനും മറ്റ് ചിലവുകള്‍ക്കുമായി ദിവസേന വേണ്ടത് 500 രൂപയോളമാണ്. പക്ഷേ ഇന്ധനവില ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ ഓട്ടോ വാടകയും കഴിച്ച് 350 രൂപയേ മിച്ചംപിടിക്കാന്‍ ആവുന്നുള്ളൂ', വർഷങ്ങളായി ഒാട്ടോ ഒാടിക്കുന്ന കതിർ വ്യക്തമാക്കി.