ആ കുഞ്ഞ് മരിച്ചത് ഭാരത് ബന്ദ് മൂലമല്ല; ‘രാഷ്ട്രീയ’മില്ലാത്ത സത്യം; സംഭവിച്ചതിങ്ങനെ

ഭാരത്ബന്ദിൽ കുടുങ്ങി ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെത്തുടർന്ന് ബിഹാറിൽ രണ്ടുവയസ്സുകാരി മരിച്ച സംഭവം വലിയ വിവാദമായിരുന്നു. ബന്ദ് ആഹ്വാനം ചെയ്ത പ്രതിപക്ഷപാർട്ടികൾക്കെതിരെ ബിജെപി പ്രതിഷേധമുയർത്തുകയും ചെയ്തു. രാഷ്ട്രീയവിവാദങ്ങൾക്കും ആരോപണപ്രത്യാരോപണങ്ങൾക്കും കാരണമായ സംഭവത്തിന്റെ സത്യാവസ്ഥ എന്താണ്? 

വയറിളക്കം മൂലം ഗുരുതരാവസ്ഥയിലായ രണ്ടുവയസ്സുകാരി ഗൗരി കുമാരിയെ മാതാപിതാക്കൾ ജെഹാനാബാദിലെ സദാർ ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിലെത്തുംമുൻപെ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസോ നാലുചക്രവാഹനങ്ങളോ ലഭിച്ചില്ലെന്നാണ് കുഞ്ഞിന്റെ പിതാവ് പ്രമോദ് മാഞ്ചി ആദ്യം മാധ്യമങ്ങളോട് പറഞ്ഞത്.

ഏറെ പണിപെട്ട് ഓട്ടോയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ഓട്ടോയും ബന്ദ് അനുകൂലികൾ തടഞ്ഞെന്ന് പ്രമോദ് അന്ന് പറഞ്ഞു. എന്നാൽ പിന്നീട് ഓട്ടോ നിർത്തിയില്ലെന്നും മറ്റും പറഞ്ഞ് പ്രമോദ് മുൻപ് പറഞ്ഞത് തിരുത്തി.

ഇനി ജെഹാനാബാദ് കലക്ടർ പറയുന്നത് കേൾക്കുക; ''ഭാരത് ബന്ദ് മൂലമല്ല കുഞ്ഞ് മരിച്ചത്. കുഞ്ഞിനെയും കൊണ്ട് വൈകിയാണ് മാതാപിതാക്കൾ ആശുപത്രിയിലേക്ക് തിരിച്ചത്. ഒരുദിവസം മുൻപെ കുഞ്ഞിന്റെ അവസ്ഥ രൂക്ഷമായിരുന്നു. എന്നാൽ മാതാപിതാക്കൾ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചില്ല. 

തൊട്ടടുത്തുള്ള ബാലാബിഗ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ദൂരക്കൂടുതലുള്ള മറ്റൊരാശുപത്രിയിലേക്കാണ് ഇവർ പോയത്. ‌‍

ഇവരെ ആശുപത്രിയിലെത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവറോടും സംസാരിച്ചു. ഒരു സിഗ്നലിൽ ഓട്ടോ നിർത്തിയെന്നത് സത്യമാണ്. എന്നാൽ അപ്പോൾത്തന്നെ വിട്ടയച്ചു. അതുകൊണ്ട് പ്രാഥമികാന്വേഷണത്തിൽ കുഞ്ഞിന്റെ മരണത്തിന് ബന്ദുമായി ബന്ധമില്ലെന്ന് കലക്ടർ 

നേരത്തെ കോണ്‍ഗ്രസിനും പ്രതിപക്ഷപാർട്ടികൾക്കുമെതിരെ പ്രതിഷേധവുമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തിയിരുന്നു. 

ഇന്ധനവിലവർധനവിനെതിരെ സെപ്തംബർ 10നാണ് കോൺഗ്രസും പ്രതിപക്ഷപാർട്ടികളും ഭാരതബന്ദിന് ആഹ്വാനം ചെയ്തത്.