കഴിക്കുമ്പോൾ ‘ഡാഡി’ എന്നെ പൊള്ളിച്ചു; കണ്ണുനനയിച്ച് നാലുവയസുകാരി: ക്രൂരത

ഹൈദരാബാദിലെ സന്നദ്ധ പ്രവർത്തകർക്കൊപ്പം കുട്ടി. കടപ്പാട്: എൻഡിടിവി

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഡാഡിയെന്നെ പൊള്ളിച്ചു'. നാല് വയസുകാരിക്ക് നേരിടേണ്ടി വന്ന കടുത്ത പീഡനത്തിന്‍റെ ഞെട്ടലിലാണ് ഹൈദരാബാദിലെ സന്നദ്ധ പ്രവര്‍ത്തകര്‍. അമ്മയും അമ്മയുടെ കൂടെ കഴിയുന്നയാളും ചേര്‍ന്നാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. താന്‍ നേരിടേണ്ടിവന്ന കടുത്ത പീഡനങ്ങള്‍ നാല് വയസ്സുകാരി തന്നെയാണ് വെളിപ്പെടുത്തിയത്. വീട്ടിലെ പീഡനത്തില്‍ നിന്നും തന്നെ രക്ഷിച്ച സന്നദ്ധപ്രവർത്തകരോടാണ് കുട്ടി കൊടും ക്രൂരത വെളിപ്പെടുത്തിയത്. ഡാഡിയെന്ന് വിളിക്കുന്ന അമ്മയുടെ പങ്കാളിയാണ് തന്നെ ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചതെന്ന് കുട്ടി വ്യക്തമാക്കി.

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഡാഡി ചൂടാക്കിയ സ്പൂണ്‍ ഉപയോഗിച്ച്  ശരീരത്തില്‍ അമര്‍ത്തി പൊള്ളലേല്‍പ്പിച്ചു. ആദ്യം തന്നെ മര്‍ദിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് ചൂടുള്ള സ്പൂണ്‍ ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചുവെന്നും കുട്ടി പറയുന്നു. കുഞ്ഞിനെ വീട്ടുകാര്‍ പീഡിപ്പിക്കുന്ന വിവരം സമീപവാസികള്‍ പ്രദേശത്തെ രാഷ്ട്രീയ നേതാവായ അച്ചുതറാവുവിനെ അറിയിക്കുകയായിരുന്നു. ഇദ്ദേഹം ഉടൻ തന്നെ വിവരം എന്‍ജിഒയില്‍ അറിയിച്ചു.  ഇവര്‍ വീട്ടിലെത്തി കുഞ്ഞിനെ രക്ഷിക്കുകയും സർക്കാർ അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

കുട്ടിയുടെ അമ്മയ്ക്കും പങ്കാളിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് 25 കാരി ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനോടൊപ്പം ജീവിക്കാൻ തുടങ്ങിയത്. അന്ന് മുതൽ കുട്ടിയെ ഇരുവരും നിരന്തരം ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.