രണ്ടുവയസുകാരിയുടെ നില അതീവഗുരുതരം; വെറ്റിലേറ്ററിൽ; പരുക്കിൽ ദുരൂഹത

ശരീരമാസകലം ഗുരുതര പരുക്കേറ്റ നിലയിൽ രണ്ടുവയസുകാരിയെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി തൃക്കാക്കരയിൽ നിന്നുള്ള കുട്ടിയെ ഇന്നലെ രാത്രി അമ്മയാണ് എത്തിച്ചത്. തലയ്ക്ക് ക്ഷതമേറ്റെന്ന് വ്യക്തമാണെങ്കിലും അമ്മയുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ ഡോക്ടർമാർ വിവരം പൊലീസില്‍ അറിയിച്ചു.  കുട്ടി നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ രാത്രിയിലാണ് രണ്ടു വയസുകാരിയുമായി അമ്മയും അമ്മൂമ്മയും കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയത്. 

കുട്ടിയെ പരിശോധിച്ച ഡോക്ടർമാർ അക്ഷരാർത്ഥത്തിൽ ഞെട്ടി. രണ്ടര വയസുള്ള ശരീരത്തിൽ തലതൊട്ട് കാലുവരെ പലതരം പരുക്കുകൾ. മുറിവിന്റെയും പൊള്ളലേറ്റത്തിന്റെയും പാടുകൾ.  മുഖത്ത് തെളിഞ്ഞുകാണുന്ന മുറിവുകൾ. പഴക്കംചെന്ന മുറിവുകളും ശ്രദ്ധയിൽപ്പെട്ടു. പഴങ്ങാടുള്ള സ്വകാര്യ ആശുപത്രിയിൽ സിടി സ്കാൻ ചെയ്തതിന്റെ റിപ്പോർട്ട് പരിശോധിച്ചപ്പോൾ തലയ്ക്കുക്ഷതമേറ്റതായും മനസിലായി. വിശദമായി അറിയാൻ എം.ആർ.ഐ സ്കാനിങ്ങിന് ഒരുങ്ങിയപ്പോഴാണ് കുട്ടിക്ക് അപസ്മാരം കണ്ടത്. ഇതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.

അമ്മയുടെ വാക്കുകളിൽ സംശയംതന്നിയ ഡോക്ടർമാർ രാത്രി തന്നെ പുത്തൻകുരിശ് പൊ ലീസിനെ അറിയിച്ചു. തൃക്കാക്കരയിൽ നിന്നാണെന്നു അറിഞ്ഞതോടെ തൃക്കാക്കര പൊലീസ് ആശുപത്രിയിൽ എത്തി. അമ്മയുടെ മൊഴിയെടുത്തെങ്കിലും ദുരൂഹത തുടരുകയാണ്. കുമ്പളത്തു നിന്ന് തൃക്കാക്കരയിൽ എത്തി ഒരു മാസമായി വടകയ്ക്ക് താമസിക്കുകയാണ് ഇവർ. അമ്മയ്ക്കൊപ്പം സഹോദരിയും ഭർത്താവും ഒരുവീട്ടിലാണ് താമസം.