ഹെഡ്മാസ്റ്റർ വിദ്യാർഥിനിയുടെ കവിളിൽ കടിച്ചു; കരച്ചിൽ കേട്ട് നാട്ടുകാർ കൂടി; സംഭവിച്ചത്..?

പ്രായപൂർത്തിയാകാത്ത വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രധാനാധ്യാപകനെ കൈകാര്യം ചെയ്ത് നാട്ടുകാർ. സംഭവത്തിൽ ഹെഡ്മാസ്റ്റർക്കെതിരെ പോക്സോ കേസും ചുമത്തി. ബിഹാറിലെ കൈതാർ ജില്ലയിലാണ് സംഭവം.

നാലാം ക്ലാസിൽ പഠിക്കുന്ന 12-കാരിയായ വിദ്യാർഥിനിയെയാണ് അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദ്യാർഥിനിയുടെ കവിളിൽ ഇയാൾ കടിക്കുകയും ചെയ്തു. പെൺകുട്ടി കരയുന്നത് കേട്ട് അടുത്തുള്ളവർ അവിടേക്ക് ഓടിക്കൂടുകയായിരുന്നു. സ്കൂളിലെ ഒരു മുറിയിൽ പ്രധാനാധ്യാപകനെ നാട്ടുകാർ ചേര്‍ന്ന് പൂട്ടിയിട്ടു. കുട്ടിയുടെ ബന്ധുക്കളും സ്കൂളിലേക്ക് എത്തി. പൊലീസെത്തി ഹെഡ്മാസ്റ്ററെ പുറത്തിറക്കി. പ്രകോപിതരായ നാട്ടുകാൻ ഇയാളെ ആക്രമിച്ചു.

പൊലീസുകാരുടെ സാന്നിധ്യത്തിൽ തന്നെ നാട്ടുകാർ പ്രതിയെ വടി കൊണ്ട് അടിക്കുകയും ഇടിക്കുകയും ചെയ്തു. പൊലീസുകാർ ഇതോടെ പ്രതിയുമായി വേഗം പൊലീസ് സ്റ്റേഷനിലേക്ക് പാഞ്ഞു. പ്രതിയെ നാട്ടുകാർ ആക്രമിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ ഇരയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണെന്നും സ്ഥലം എഎസ്പി ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി. പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്നും പറഞ്ഞു.