പിറന്നാൾ ആഘോഷത്തിൽ വെടിയുതിർത്ത് ബിജെപി നേതാക്കൾ; വിവാദം; വിഡിയോ

തോക്കെടുത്ത് ആകാശത്തേക്ക് വെടിയുതിർത്ത് പിറന്നാൾ ആഘോഷിച്ച ബിജെപി നേതാക്കളുടെ നടപടി വിവാദമാകുന്നു. യുവമോർച്ചയുടെ ദേശീയ നേതാക്കളായ രാഹുൽ രജ്പുതിനും നിതിൻ ദൂബെയ്ക്കും എതിരെയാണ് പരാതി. 

രാഹുൽ രജ്പുതിന്റെ പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം. ഭോപ്പാലിൽ നടന്ന ആഘോഷച്ചടങ്ങിൽ അണികൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വെടിയുതിർത്തത് എന്നാണ് നേതാക്കളുടെ വിശദീകരണം. 

''ഞാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന‌യാളാണ്. ചൈനീസ് എയർ ഗണിൽ നിന്നാണ് ഞാൻ വെടിയുതിർത്തത്, അല്ലാതെ റിവോള്‍വറിൽ നിന്നല്ല. പിറന്നാൾ ആഘോഷമെല്ലാം പാർട്ടി പ്രവർത്തകർ തീരുമാനിച്ചതാണ്. അവരുടെ ആവശ്യപ്രകാരമാണ് വെടിയുതിർത്തത്'', രാഹുൽ വിശദീകരിച്ചു.

ഇരുവരും വെടിയുതിർക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 

ഈ വിഡിയോ സഹിതം പരാതി ലഭിച്ചിട്ടുണ്ടെന്ന് ബൈരാഗാഹ് പൊലീസ് സ്റ്റേഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. 

യുവമോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗമാണ് രാഹുൽ രജ്പുത്. നിതിൻ ദൂബെ, ഭോപ്പാൽ ജില്ലാ പ്രസിഡന്റാണ്.