ഭക്ഷണത്തിന് ക്ഷണിച്ച് വരുത്തി; യുവതിയെ രണ്ട് മാസം പൂട്ടിയിട്ട് പീഡിപ്പിച്ചു

ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി 2 മാസം കെട്ടിയിട്ട് പീഡിപ്പിച്ച യുവാവ് പിടിയിൽ. മുംബൈ സ്വദേശിയായ സയ്യിദ് അമീർ ഹുസൈനാണ് 27 കാരിയായ എഞ്ചിനിയറെ ഈദിന് വീട്ടിലേക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിക്കുകയും പിന്നീട് രണ്ട് മാസത്തോളം തടവിലാക്കി പീഡിപ്പിക്കുകയും ചെയ്തത്.

ഇരുവരും ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. പരിചയത്തിന്റെ അടിസ്ഥാനത്തിൽ പെരുന്നാളിന് രാത്രി യുവാവ് പെൺകുട്ടിയെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവതി മയങ്ങി വീണു. ഭക്ഷണത്തിൽ മയക്കുമരുന്നു കലർത്തിയിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു.പീന്നീട് തന്നെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ആ ദൃശ്യങ്ങൾ കാണിച്ച് വിവാഹാഭ്യർഥന നടത്തിയതായും അവർ പരാതിയിൽ പറയുന്നു.  എന്നാൽ ഇതിന് വഴങ്ങാതിരുന്നതോടെ അപ്പാർട്ട്മെന്റിൽ പൂട്ടിയിട്ട് തുടർന്നുള്ള ദിവസങ്ങളിൽ പീഡിപ്പിക്കുകയായിരുന്നു.

എന്നാൽ അപ്പാർട്ട്മെന്റിലെത്തിയ സയ്യിദിന്റെ മാതാവ് യുവതിയ്ക്ക് രക്ഷപെടാൻ വഴിയൊരുക്കി. അവിടെനിന്നും രക്ഷപെട്ട യുവതി ബന്ധുവീട്ടിൽ എത്തുകയും സംഭവം വിവരിക്കുകയുമായിരുന്നു. യുവതിയുടെ എടിഎം കാർഡ് കൈക്കലാക്കിയ സയ്യിദ് 40,000 രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.