യുവതിയുടെ ശരീരത്തിൽ പൊട്ടിയ ഓപ്പറേഷൻ ഉപകരണം; 5 ലക്ഷം നഷ്ടപരിഹാരം

ശസ്ത്രക്രിയ ചെയ്യുന്നതിനിടെ യുവതിയുടെ ശരീരത്തിൽ  ഉപകരണത്തിന്റെ ഭാഗങ്ങൾ കുടുങ്ങി മരണം സംഭവിച്ച കേസില്‍ അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി. 7 വർഷത്തിന് ശേഷമാണ് യുവതിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ആശുപത്രി  അധികൃതരോട് ആവശ്യപ്പെട്ട് കോയമ്പത്തൂർ ജില്ല ഉപഭോക്തൃ ഫോറം വിധിയായത്. 

2010-ലാണ് സംഭവം നടക്കുന്നത്. കോയമ്പത്തൂരിലെ ശ്രീരാമകൃഷ്ണ ആശുപത്രിയിലാണ് ചിത്ര എന്ന യുവതിയുടെ ശസ്ത്രക്രിയക്കിടെ ഡോക്ടർമാരുടെ അനാസ്ഥ മൂലം ഉപകരണം ഒടിഞ്ഞ് ശരീരത്തിനുള്ളിൽ അകപ്പെട്ടത്.

ശരീര ശ്രവങ്ങൾ വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന കുഴലാണ് ഒടിഞ്ഞത്. ഹൃദയധമനികളിൽ ആൻജിയോഗ്രാം ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് ഗുരുതര വീഴ്ച സംഭവിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞതോടെ യുവതിക്ക് കലശലായ വേദന അനുഭവപ്പെടാൻ തുടങ്ങി. മാത്രമല്ല നാഡി മിടിപ്പും കുറഞ്ഞു. പിന്നീടുള്ള പരിശോധനയിലാണ് ഉപകരണഭാഗങ്ങൾ കണ്ടെത്തിയത്. ഇത് പൂർണമായും പുറത്തെടുക്കാമെന്ന് ആശുപത്രി അധികൃതർ ഉറപ്പ് നൽകി. വീണ്ടും ശസ്ത്രക്രിയ നടത്തി. എല്ലാ അവശിഷ്ടങ്ങളും പുറത്തെടുത്തുവെന്ന് അവർ വ്യക്തമാക്കി. പക്ഷേ ചിത്രക്ക് വേദന മാറിയില്ല.

മാത്രമല്ല ശരീരത്തിന്റ ചലനശേഷി വരെ നഷ്ടപ്പെടാന്‍ തുടങ്ങി. ഇതോടെ ചിത്രയെ മറ്റൊരു ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ മൂന്നു പൊട്ടിയ കുഴൽ കഷണങ്ങളാണ് കണ്ടെത്തിയത്. തുടർന്ന് ഇവിടെ ചികിൽസ തേടിയ ചിത്ര 2011ൽ മരണപ്പെട്ടു. എന്നാൽ തങ്ങളുടെ അനാസ്ഥ ശ്രീരാമകൃഷ്ണ ആശുപത്രി അധികൃതർ നിഷേധിച്ചു. വർഷങ്ങളുടെ പോരാട്ടത്തിനൊടുവിൽ ആണ് ചിത്രയുടെ കുടുംബത്തിന് ഇപ്പോൾ നീതി ലഭിച്ചിരിക്കുന്നത്. 

കോയമ്പത്തൂർ ജില്ല ഉപഭോക്തൃ ഫോറത്തിന്റെ ഇടപെടലിലൂടെയാണ് ഇവർക്ക് ആശുപത്രി  അധികൃതർ അഞ്ച് ലക്ഷം പൂപ നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ചിരിക്കുന്നത്.