ഈ പ്രതിപക്ഷ ഐക്യത്തിന് മോദിയെ തുരത്താനാകില്ല, അജണ്ട മാറണം: ജിഗ്നേഷ് മേവാനി

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യത്തിന് ബിജെപിയെ തുരത്തുക ദുഷ്കരമാകുമെന്ന് ദലിത് നേതാവ് ജിഗ്നേഷ് മേവാനി. കൃത്യമായ അജണ്ടയില്ലെങ്കിൽ വിശാലസഖ്യത്തിന് ബിജെപിയെ നേരിടുക വെല്ലുവിളിയാകുമെന്നാണ് മേവാനിയുടെ പക്ഷം. 

''2 കോടിയോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം മോദി പാലിച്ചില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അദ്ദേഹം പരാജയമാണ്. എന്നാൽ മറ്റു രാഷ്ട്രീയ പാർട്ടികൾ ഈ അവസരങ്ങൾ എങ്ങനെ സൃഷ്ടിക്കുമെന്നതും വലിയ ചോദ്യമാണ്. കൃത്യമായതും പുതുമയുള്ളതുമായ അജണ്ടയില്ലെങ്കിൽ ബിജെപിയെ തോല്‍പിക്കാനാകുമോ?''. ജിഗ്നേഷ് മേവാനി ട്വിറ്ററില്‍ കുറിച്ചു. 

ബിജെപിയെ തുരത്താനുള്ള സഖ്യരൂപീകരണത്തിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നേതൃത്വം നല്‍കുമെന്നും പാർട്ടിക്ക് മുൻ‌തൂക്കം കിട്ടിയാൽ രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകുമെന്നും കോൺഗ്രസ് പ്രവർത്തക സമിതിയുടെ വിശാലയോഗത്തിനു ശേഷം രൺദീപ് സിങ്ങ് സുർജേവാല അറിയിച്ചിരുന്നു. ബിജെപിയെ താഴെയിറക്കുക എന്നതാണ് കോൺഗ്രസിൻറെ പ്രധാന ലക്ഷ്യം. അതിനായി സഖ്യരൂപീകരണത്തിൽ വിട്ടുവീഴ്ചകളുണ്ടാകാമെന്നും കോൺഗ്രസ് പറ‍ഞ്ഞിരുന്നു.