ജീൻസ് അസഭ്യ വസ്ത്രം, ധരിക്കരുത്; വിചിത്ര നിയമവുമായി രാജസ്ഥാൻ തൊഴിൽവകുപ്പ്


ജീൻസും ‍‍‍ടീഷർട്ടും ധരിച്ച് ഓഫീസിൽ എത്തരുതെന്ന് ഉദ്യോഗസ്ഥരോട് രാജസ്ഥാൻ തൊഴിൽ വകുപ്പ്. ജൂൺ 21–നാണ് ലേബർ കമ്മീഷണർ ഗിരിരാജ് ഖുഷ്‍വാഹ ഇത് സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ഇത് വളരെ അസഭ്യമായ വസ്ത്രമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വകുപ്പിന്റെ നടപടി. 

ചില ഓഫീസർമാരും ജീവനക്കാരും ജീൻസും ‍‍ടീഷർട്ടും പോലുള്ള മോശം വസ്ത്രം ധരിച്ചാണ് ജോലിസ്ഥലത്ത് വരുന്നത്.  ഇത് ഓഫീസിന്റെ മാന്യതയ്ക്ക് ചേർന്നതല്ല. സഭ്യമായ വസ്ത്രങ്ങളായ പാന്റ്സും ഷർട്ടും ധരിച്ച് ഇനിമുതൽ ഓഫീസിലെത്തിയാൽ മതിയെന്നും സർക്കുലർ നിർദേശിക്കുന്നു.

എന്നാൽ സർക്കുലറിനെതിരെ രാജസ്ഥാൻ തൊഴിലാളി സംഘടന രംഗത്തെത്തിയിട്ടുണ്ട്. എങ്ങനെയാണ് ജീന്‍സും ടീഷർട്ടും മാന്യമല്ലാത്ത വസ്ത്രമാകുന്നതെന്നാണ് ഇവരുടെ ചോദ്യം. സംസ്ഥാനത്ത് ഇങ്ങനെയൊരു തൊഴിൽ നിയമം നിലനിൽക്കുന്നില്ലെന്നും സംഘടന പ്രസിഡന്റ് ഗജേന്ദ്ര സിങ് വാദിച്ചു. അതേസമയം, മുമ്പും ഇത്തരം നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അന്ന് എല്ലാവരും അത് അനുസരിച്ചുവെന്നുമാണ് ലേബർ കമ്മീഷണർ വ്യക്തമാക്കുന്നത്.