നാലാണ്ട്: 27 ഉപതിരഞ്ഞെടുപ്പ്; ബിജെപി ജയിച്ചത് 5 സീറ്റില്‍: നെഞ്ചിടിക്കുന്ന കണക്ക്

ഉപതിരഞ്ഞെടുപ്പുകളുടെ മഹാമഹമായിരുന്നു ഇക്കുറി. പത്ത് സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകള്‍ അരങ്ങേറി. ലോകസ്ഭയിലേക്കും ഒപ്പം നിയമസഭയിലേക്കും. ബിജെപിക്ക് യുപിയിലെ കൈരാനയിലടക്കം തോല്‍വിയായിരുന്നു ബാക്കി. അപ്പോഴാണ് മറ്റൊരു കണക്ക് വെളിച്ചത്തെത്തുന്നത്.  

ബിജെപിയുടെ അമിതമായ ആത്മവിശ്വാസത്തിന്റെ അടിവേരിളക്കുകയാണ് രാജ്യത്ത് നടന്ന ഒാരോ ഉപതിരഞ്ഞെടുപ്പും എന്ന് ഈ കണക്ക് സാക്ഷ്യപ്പെടുത്തുന്നു. 2019ലെ തിരഞ്ഞെടുപ്പിന്റെ മോഡൽ പരീക്ഷയാണ് എന്ന് എല്ലാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി നേതാക്കൾ പറയാറുണ്ടെങ്കിലും ഫലം വരുമ്പോൾ മിണ്ടാട്ടമില്ല. കഴിഞ്ഞ നാലുവർഷത്തിനിടയിൽ രാജ്യത്ത് 27 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് വേദിയായി. കച്ചമുറുക്കി ബിജെപി ഇറങ്ങിയിട്ടും പച്ച തൊട്ടത് വെറും അഞ്ചു സീറ്റിൽ മാത്രം. 

കോൺഗ്രസിനും ആശ്വസിക്കാൻ വക നൽകുന്നതല്ല ആ കണക്കുകൾ. അഞ്ച് സീറ്റിലാണ് കോൺഗ്രസിന് വിജയിക്കാൻ കഴിഞ്ഞത്. തൃണമൂൽ കോൺഗ്രസ് നാലു സീറ്റിലും എസ്.പി മൂന്നിടത്തും ടി.ആർ.എസ് രണ്ടും, എൻ.സി.പി, എൻ.സി, മുസ്ലീം ലീഗ്, ആർ.ജെ.ഡി, എൻ.ഡി.പി.പി, ആർ.എൽ.ഡി, എൻ.സി.പി എന്നീ പാർട്ടികൾ ഒാരോ സീറ്റിലും വിജയിച്ചു. 

ഉപതിരഞ്ഞെടുപ്പ് നടന്ന 27 സീറ്റുകളിൽ 11 സീറ്റുകൾ ബിജെപിയുടെ സിറ്റിങ് സീറ്റുകളായിരുന്നു എന്നാൽ ഇവയിൽ ആറ് സീറ്റുകളിൽ ബിജെപി സ്ഥാനാർഥി തോറ്റു. 2015ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ രത്​ലം മണ്ഡലം ബിജെപിയെ കൈവിട്ടു. എന്നാൽ 2016ൽ അസാമിലെ ലക്ഷിംപുർ, മധ്യപ്രദേശിലെ സഹ്ഡോൽ എന്നീ മണ്ഡലങ്ങളിൽ ബിജെപി വിജയം സ്വന്തമാക്കി. മേഘാലയിൽ സഖ്യകക്ഷിയായ എൻ.പി.പിയും വിജയിച്ചു. എന്നാൽ 2017 ബിജെപിക്ക് നഷ്ടങ്ങളുടെ ആണ്ടായിരുന്നു. പഞ്ചാബിലെ ഗുരുദാസ്പൂർ മണ്ഡലവും  ശ്രീനഗർ മണ്ഡലം സഖ്യകക്ഷിയായ പിഡിപിക്കും നഷ്ടമായി. എന്നാൽ അവസാനലാപ്പിലേക്ക് കടന്നപ്പോൾ വലിയ തിരിച്ചടികളാണ് ബിജെപിയെ കാത്തിരുന്നത്. രാജസ്ഥാനിലെ അജ്മീർ, അൽവാർ മണ്ഡലങ്ങൾ ബിജെപിയിൽ നിന്നും കോൺഗ്രസ് പിടിച്ചെടുത്തു. തൊട്ടുപിന്നാലെ ഉത്തർപ്രദേശിൽ നിന്നുള്ള വമ്പൻ തിരിച്ചടി. ഗോരഖ്പുർ, ഫുൽപുർ മണ്ഡലങ്ങളും ബിജെപിക്ക് നഷ്ടമായി. എസ്പി–ബിഎസ്പി സഖ്യം സമാനതകളില്ലാത്ത തിരിച്ചടിയാണ് ബിജെപിക്ക് നൽകിയത്. ഏറ്റവും ഒടുവിൽ മഹാരാഷ്ട്രയിലെ പാൽഘറിൽ സീറ്റ് നിലനിർത്തി. അതും ശിവസേനയുമായി ഇ‍ഞ്ചോടിഞ്ച് പൊരുതി. നാഗാലാൻഡിൽ സഖ്യകക്ഷിയായ എൻ.ഡി.പി.പി എൻ.പി.എഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത് ബിജെപിക്ക് ആശ്വാസം പകർന്നു. എന്നാൽ കൈറാനയിൽ ആർ.എൽ.‍ഡി സ്ഥാനാർഥി തൂസും ബീഗം വിജയിച്ചു. മറ്റൊരു കനത്ത പ്രഹരം.

കണക്കിലെ കളികൾ ഇങ്ങനെയാണെങ്കിലും ബിജെപിക്ക് ആത്മവിശ്വാസത്തിന് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. ഉപതിരഞ്ഞെടുപ്പുകളിലെ ചിത്രമാവില്ല ജനം പൊതുതിരഞ്ഞെടുപ്പിൽ വരയ്ക്കുക എന്ന വിശ്വാസത്തിൽ മുറുകെ പിടിച്ചാണ് ബിജെപിയുടെ പ്രയാണം. എന്നാൽ കോൺഗ്രസിനും അമിത വിശ്വാസത്തിന് വക നൽകുന്നതല്ല കണക്കുകള്‍ എന്നതും മോദിക്കും സംഘത്തിനും ബലമാണ്. നേട്ടമുണ്ടാക്കുന്നതിൽ മുൻപിൽ പ്രാദേശിക പാർട്ടികളാണ്. മഹാസഖ്യം എന്ന ഫോർമുല വിജയം കണ്ടാൽ 2019ല്‍ ബിജെപി വിയർക്കേണ്ടിവരും.