മോദിയെ അച്ഛനുമായി താരതമ്യപ്പെടുത്തല്ലേ..; മുന്‍ പ്രധാനമന്ത്രിയുടെ മകന് പറയാനുള്ളത്

‘മോദിയാണോ ശാസ്ത്രിയാണോ ഏറ്റവും കഠിനാദ്ധ്വാനിയായ പ്രധാനമന്ത്രി..?’ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അനില്‍ ശാസ്ത്രിയോട്. അച്ഛനെക്കുറിച്ച് മകന്‍ നല്ലതു പറഞ്ഞാല്‍ അത് പുകഴ്ത്തിപ്പറയലാകും എന്ന് ഉത്തരം വന്നു, പക്ഷേ വിശദീകരിക്കാതിരിക്കാനായില്ല ശാസ്ത്രിക്ക്. 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിക്കുന്ന മോദിയെ ഖദര്‍ കുര്‍ത്തയും മുണ്ടും ധരിച്ചിരുന്ന തന്‍റെ അച്ഛനോട് താരതമ്യം ചെയ്യാനാവില്ലെന്നു പറഞ്ഞ ശാസ്ത്രി, ഒപ്പം അച്ഛനെക്കുറിച്ചുള്ള ചില ഓര്‍മ്മകളും പങ്കുവെച്ചു. 

അച്ഛന്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒരു കാര്‍ വാങ്ങാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 5000 രൂപ ലോണ്‍ എടുത്താണ് ആ കാര്‍ വാങ്ങിയത്. ലോണ്‍ അടച്ചു തീരും മുന്‍പേ അദ്ദേഹം മരിച്ചു. പിന്നീട് അമ്മ ലളിതാ ശാസ്ത്രിയുടെ പെന്‍ഷന്‍ തുകയില്‍ നിന്നാണ് ലോണ്‍ അടച്ചു തീര്‍ക്കാനുള്ള പണം കണ്ടെത്തിയതെന്നും അനില്‍ ശാസ്ത്രി പറ‍ഞ്ഞു. നീരവ് മോദി എന്നയാള്‍ 11,000 കോടി രൂപ ലോണെടുത്ത് തിരിച്ചടക്കാതെ രാജ്യത്തു നിന്നും കടന്നുകളഞ്ഞ എന്‍ഡിഎ ഭരണകാലമാണിതെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. 

തനിക്ക് 15 വയസ്സുള്ളപ്പോള്‍ നടന്ന ഒരു സംഭവവും അനില്‍ ശാസ്ത്രി ഓര്‍മ്മിച്ചെടുത്തു. പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം വീട്ടില്‍ തിരിച്ചെത്തിയ അച്ഛനോട് ഒരു കാര്‍പ്പറ്റ് വാങ്ങിയിടാന്‍ ഞാന്‍ ആവശ്യപ്പെട്ടു.  ഞാന്‍ ഈ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയാണ്, എണ്ണിയാല്‍ തീരാത്തത്രയും ആളുകള്‍ ഇവിടെ അന്തിയുറങ്ങാന്‍ ഒരു മേല്‍ക്കൂരയില്ലാതെ കഴിയുന്നുണ്ട്. താമസിക്കാന്‍ ഒരു വീടുണ്ടല്ലോ എന്നോര്‍ത്താണ് നമ്മള്‍ സന്തോഷിക്കേണ്ടത്. ബെഡ്റൂമില്‍ കാര്‍പറ്റിട്ടാല്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ലെന്നും തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ അച്ഛന്‍ പറഞ്ഞു, ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. തന്‍റെ അച്ഛന്‍ കശ്മീരില്‍ പോയത് നെഹ്റു നല്‍കിയ കോട്ടിട്ടാണെന്നും അനില്‍ ശാസ്ത്രി പറഞ്ഞു. ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുകയായിരുന്നു ശാസ്ത്രി.