മഹാരാഷ്ട്രയിൽ രണ്ട് മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ്; കാർഷിക പ്രശ്നങ്ങൾ പ്രചാരണ വിഷയം

കാർഷികപ്രശ്നങ്ങളാണ് മഹാരാഷ്ട്രയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണവിഷയം. എന്നാൽ, കാർഷികആവശ്യങ്ങൾക്ക് മാത്രമല്ല, കാലാകാലങ്ങളായി കുടിവെള്ളംപോലും അന്യമായ അനേകംഗ്രാമങ്ങളുണ്ട് ഈ മണ്ഡലങ്ങളിൽ. 

വേനലടുക്കുമ്പോഴേക്കും കൃഷിയിടങ്ങൾ വരളും. പാടം വിണ്ടുകീറും. ജലാശയങ്ങള്‍ വറ്റും. പിന്നെയുള്ളത് അപൂർ‌വമായി അൽപമെങ്കിലും വെള്ളംലഭിക്കുന്ന  ഏതാനുംചില കിണറുകൾമാത്രം. പക്ഷെ, മൈലുകൾതാണ്ടിയെത്തിയാലും കുടംനിറയെ വെള്ളംലഭിക്കുക അപൂർവം. നീരുറവയിൽനിന്ന് കിനിഞ്ഞിറങ്ങുന്ന ദാഹജലത്തിനായി മണിക്കൂറുകൾ കാത്തിരിക്കണം. കുടിവെള്ളപദ്ധതികളൊന്നും ഈവഴി വന്നിട്ടില്ലെന്ന് പ്രദേശവാസികൾ.  

ആദിവാസികളും, പിന്നോക്കവിഭാഗക്കാരും ഏറെയുള്ള മണ്ഡലത്തിലെ പ്രധാന വരുമാനമാർഗമാണ് കൃഷി. എന്നാൽ, കുഴൽകിണറുകളിൽനിന്നുപോലും വെളളംലഭിക്കുക മഴക്കാലത്തുമാത്രം. പാതിനിലച്ച പദ്ധതികൾപലതും പൊടിതട്ടിയെടുക്കുമെന്നാണ് വോട്ടുതേടിയെത്തിയ സ്ഥാനാർഥികൾ പതിവുപോലെ പറഞ്ഞുമടങ്ങിയത്. പക്ഷെ, ഇവർക്കറിയാം അതെല്ലാം വെറുംപറച്ചില്‍ മാത്രമാണെന്ന്.