മമതയുടെയടക്കം ട്വീറ്റിൽ രാഹുലിന് ക്രെഡിറ്റില്ല; ‘പ്രാദേശിക’ വാഴ്ത്ത് പുതിയ കരുനീക്കമോ..?

കർണ്ണാടകയിൽ പൊരുതി നേടിയ ആശ്വാസ വിജത്തിനുശേഷം വാഴ്ത്തുപാട്ടുകൾ പലതും കേൾക്കുന്നുണ്ട്, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പാർട്ടിയിലെ പ്രമുഖ തന്ത്രജ്ഞരും. എന്നാൽ അത്ര പെട്ടെന്നൊന്നും രാഹുലിനോ കോൺഗ്രസിനോ ക്രെഡിറ്റ് കൊടുക്കാൻ തയ്യാറാകുന്നില്ല പ്രാദേശിക നേതാക്കൻമാരിൽ പലരും. ട്വിറ്റർ പരാമർശങ്ങളിൽ അവര്‍ അത് പ്രകടമാക്കുകയും ചെയ്തു.

2019 ലക്ഷ്യമിട്ടുള്ള പുതിയ കരുനീക്കമാണോ ഇതെന്നാണ് രാഷ്ട്രീയലോകം സംശയിക്കുന്നത്. പ്രധാനമന്ത്രി പദത്തിലേക്ക് കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന രാഹുലിനെ വെട്ടാനുള്ള നീക്കമായും വിലയിരുത്തപ്പെടുന്നു. രാഹുലിനപ്പുറം പ്രാദേശിക പാര്‍ട്ടികളില്‍ നിന്ന് പുതിയ നേതാവിനെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള തന്ത്രത്തിന്‍റെ ഭാഗവുമാകാം ഈ ‘അവഗണന’. 

കർണ്ണാടകയിലെ ജനങ്ങളെ അഭിനന്ദിച്ച ശേഷം ജെഡിഎസ് നേതാക്കളായ എച്ച്ഡി ദേവഗൗഡക്കും കുമാരസ്വാമിക്കും ക്രെഡിറ്റ് നൽകിയതിനു ശേഷം മൂന്നാമത് കോൺഗ്രസിനെ അഭിനന്ദിച്ച മമതാ ബാനർജി രാഹുൽ ഗാന്ധിയുടെ പേര് പരാമർശിച്ചതേ ഇല്ല. പ്രാദേശിക പാർട്ടിയുടെ വിജയം എന്നും മമത കർണ്ണാടക മോഡലിനെ വിശേഷിപ്പിച്ചു. നേതാവാകാനുള്ള കഴിവ് രാഹുൽ ഗാന്ധിക്കില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ ഇംപീച്ച്മെന്‍റുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മമതാ ബാനര്‍ജി പറഞ്ഞിരുന്നു. ഇത്തവണ അതൊന്ന് അരക്കിട്ട് ഉറപ്പിച്ചുവെന്നു മാത്രം. 

മമത മാത്രമല്ല, അഖിലേഷ് യാദവും ചന്ദ്രബാബു നായിഡുവും രാഹുലിന്‍റെ പേര് പരാമര്‍ശിക്കാതെയാണ് ട്വീറ്റ് ചെയ്തത്. 

പ്രാദേശിപാർ‌ട്ടികളും ബിജെപിയും തമ്മിലുള്ള കടുത്ത പോരാട്ടമായിരിക്കും 2019 ൽ  നടക്കുക എന്ന സൂചന നല്‍കാനാണ് മിക്ക നേതാക്കളും മല്‍സരിക്കുന്നത് എന്ന് ചുരുക്കം. രാഹുലും മോദിയും തമ്മിലുള്ള പോരാട്ടമായിരിക്കും അതെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ രാഹുലിന് ഇനിയും പയറ്റിത്തെളിയേണ്ടിയിരിക്കുന്നു എന്നും നേതൃത്വപാടവം തെളിയിക്കേണ്ടിയിരിക്കുന്നുവെന്നും ഒരുകൂട്ടര്‍ വാദിക്കുന്നു.