ബിജെപി ജയത്തിൽ കുതിച്ച് വിപണിയും; സെൻസെക്സ് 430 പോയിന്റ് ഉയർന്നു

കർണാടകയിൽ ബിജെപി ഭൂരിപക്ഷം നേ‍ടി ഭരണം ഉറപ്പിച്ചതോടെ വിപണിയിൽ വൻ കുതിപ്പ്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെൻസെക്സ് 430 പോയിന്റായാണ് ഉയർന്നത്. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ നിഫ്റ്റി 120 പോയിന്റ് ഉയർന്നാണ് വ്യാപാരത്തിൽ നേട്ടമുണ്ടാക്കുന്നത്. 

തെരഞ്ഞെടുപ്പ് ഫലം ഉറ്റു നോക്കിയിരിക്കുകയായിരുന്നു നിക്ഷേപകർ. ആദ്യ മണിക്കൂറിലെ ഫലം പുറത്തു വന്നപ്പോൾ കോൺഗ്രസിനായിരുന്നു മുന്നേറ്റം. ഈ സമയങ്ങളിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കാത്ത സൂചികകളാണ് ബിജെപി കേവല ഭൂരിപക്ഷത്തോട് അടുത്തപ്പോള്‍ മുന്നേറിയത്. ഇപ്പോൾ ബിജെപിയുടെ വിജയം ആഘോഷിക്കുകയാണ് ഓഹരി വിപണികൾ. എല്ലാ ഓഹരി വിപണി മേഖലകളിലും കുതിപ്പ് തുടരുകയാണ്. 

ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, യെസ് ബാങ്ക്, ബജാജ് ഓട്ടോ, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എന്നാൽ രൂപയുടെ മൂല്യത്തിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഒൻപതു പൈസ നഷ്ടത്തിൽ 67 രൂപ 57 പൈസയാണ് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം.