നീരവ്മോദിയുടെ നിധിശേഖരം കണ്ട് ഞെട്ടി പൊലീസ്, ‘സമുദ്ര മഹൽ’ ആഢംബരങ്ങളുടെ അവസാനവാക്കോ?

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ കബളിപ്പിച്ച് രാജ്യം വിട്ട നീരവ് മോദിയുടെ മുംബൈയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ 25കോടിയധികം രൂപ വിലവരുന്ന ആഡംബരവസ്തുക്കളുടെ വൻശേഖരം പിടികൂടി. മുംബൈയിലെ നീരവ് മോദിയുടെ ബംഗ്ലാവായ സമുദ്ര മഹലിൽ നിന്നാണ് ഇത്രയധികം വസ്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും സിബിെഎയും സംയുക്തമായി നടത്തിയ റെയിഡിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച റെയിഡ് ഇന്നു രാവിലെയാണ് അവസാനിച്ചത്.

പതിനഞ്ച് കോടി രൂപയുടെ ആന്റിക് ആഭരണങ്ങളും പത്തുകോടിക്ക് മേൽ വിലവരുന്ന പെയിന്റുങ്ങുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. നീരവിന്റെ സ്വകാര്യ ശേഖരത്തിൽ എം.എഫ്.ഹുസൈൻ വരച്ച ചിത്രങ്ങളും ഉൾപ്പെടുന്നു. അതിനൊപ്പം കെ.കെ.ഹെബ്ബാർ, അമൃത ഷെർഗിൽ എന്നിവരുടെ ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്. 1.40 കോടിരൂപ വിലവരുന്ന  ആഡംബരവാച്ചുകളും സമുദ്ര മഹലിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ആഭരണങ്ങളുടെ ശേഖരത്തിൽ വിശിഷ്ഠ വജ്രം പതിച്ച മോതിരവും ഉൾപ്പെടുന്നു. ഇതിന് മാത്രം പത്തുകോടിയോളം രൂപ മതിപ്പുവില വരുമെന്നാണ് സൂചന. പിടിച്ചെടുത്തവയിൽ സ്വർണം, വജ്രങ്ങൾ, മുത്തുകൾ, രത്നങ്ങൾ എന്നിവയും ഉൾപ്പെടുന്നു. 

ഇതുവരെ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 251കേന്ദ്രങ്ങളിൽ സിബിെഎയും എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും  റെയ്ഡുകൾ നടന്നിട്ടുണ്ട്. ഇതിലൂടെ 7,638കോടി രൂപയുടെ വസ്തുക്കൾ കണ്ടുകെട്ടി. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,540കോടി രൂപ തട്ടിയെടുത്താണ്  നീരവ് മോദി രാജ്യംവിട്ടത്.