കര്‍ണാടക കോണ്‍ഗ്രസില്‍ പോര്‍മുഖവുമായി ദിവ്യയുടെ അമ്മ; സീറ്റ് അമ്മയ്ക്കോ മകള്‍ക്കോ..?

തിരഞ്ഞെടുപ്പിന് ഒരു മുഴം മുന്‍പേ മാണ്ഡ്യ സീറ്റിനായി കരുനീക്കങ്ങളുമായി രഞ്ജിത, പ്രതികരിക്കാതെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ മേധാവിയും മകളുമായ രമ്യ

കർണാടകയിൽ മത്സരിക്കാൻ ടിക്കറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കുമെന്ന് മുൻ എംപിയും കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവിയുമായ ദിവ്യ സ്പന്ദനയുടെ അമ്മയുമായ രഞ്ജിത. കർണാടകയിലെ മാണ്ഡ്യയിൽ മത്സരിക്കാൻ പാർട്ടി തനിക്കു ടിക്കറ്റ് തരുമെന്നാണ് പ്രതീക്ഷയെന്നും തന്റെ മകൾ ദിവ്യ സ്പന്ദനയെന്ന രമ്യയ്ക്ക് പാർട്ടിയിൽ ഉചിതമായ സ്ഥാനം നൽകണമെന്നും രഞ്ജിത ആവശ്യപ്പെട്ടു. ഇത്തവണ മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനോട് ടിക്കറ്റ് ചോദിച്ചിട്ടുണ്ട്. പാര്‍ട്ടി ടിക്കറ്റ് നിഷേധിക്കുന്ന പക്ഷം താന്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് രഞ്ജിത പറഞ്ഞു.

28 വർഷമായി ഞാൻ ഈ പാർട്ടിക്കായി രാപകൽ അധ്വാനിക്കുന്നുണ്ട്. പക്ഷേ പാർട്ടി അർഹിക്കുന്ന സ്ഥാനങ്ങൾ നൽകിയില്ലെന്ന് അവർ പരാതിപ്പെട്ടു. രമ്യയെ പ്രശംസ കൊണ്ട് മൂടാനും രഞ്ജിത മറന്നില്ല. രമ്യയ്ക്കും ഇനി പാർട്ടിക്ക് വേണ്ടി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കും. കോൺഗ്രസ് സോഷ്യൽ മീഡിയ മേധാവി എന്നത് ചെറിയ അംഗീകാരമല്ല. എന്നാൽ മാണ്ഡ്യയിലെ ജനങ്ങൾക്ക് അതൊന്നും മനസിലാകില്ലെന്നും ഉചിതമായ സ്ഥാനം രമ്യയ്ക്ക് നൽകുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത പറഞ്ഞു. പാര്‍ട്ടി ഹൈക്കമാന്‍ഡ് രമ്യയ്ക്ക് മാണ്ഡ്യയില്‍ അവസരം നല്‍കിയാല്‍ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുമെന്നും അമ്മ രഞ്ജിത കൂട്ടിച്ചേര്‍ത്തു. 2013 ലെ ഉപതിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാണ് മാണ്ഡ്യയിൽ നിന്ന് രമ്യ തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ രമ്യ തയാറായില്ല. മാണ്ഡ്യയില്‍ മല്‍സരിക്കാന്‍ രമ്യക്ക് താല്‍പര്യമുള്ളതായും വാര്‍ത്തകളുണ്ട്. 

ട്വിറ്ററില്‍ നരേന്ദ്രമോദിയെ കടത്തിവെട്ടിയുള്ള രാഹുല്‍ഗാന്ധിയുടെ മുന്നേറ്റത്തിനു പിന്നില്‍ ദിവ്യ സ്പന്ദനയായിരുന്നു. സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുളള സന്ദേശങ്ങൾ കോൺഗ്രസിനു ആത്മവിശ്വാസം പകരുകയും ചെയ്തു. രമ്യ ചുമതലയേൽക്കുന്നതിനു മുൻപേ വളരെ സാവകാശമായിരുന്നു കോണ്‍ഗ്രസ്സിന്റെ സമൂഹ മാധ്യമങ്ങളിലെ ആശയവിനിമയം. എന്നാല്‍ കുറിക്കുകൊള്ളുന്ന പരാമര്‍ശങ്ങളും, പാര്‍ട്ടിയിലെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതുമായ സന്ദേശങ്ങള്‍ രാഹുലിനെ ട്വിറ്ററില്‍ തരംഗമാക്കി. ഗുജറാത്ത് പര്യടനത്തിനൊപ്പവും അതിനുശേഷവും രാഹുല്‍ നടത്തിയ ട്വീറ്റുകള്‍ ആളുകള്‍ ഏറ്റെടുക്കുകയായിരുന്നു.