കമൽഹാസൻറെ സംസ്ഥാനപര്യടനം രണ്ടാം ഘട്ടത്തിലേക്ക്

മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസൻ നടത്തുന്ന സംസ്ഥാന പര്യടനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. തിരുപ്പൂരിലെ മമരത്തുപാളയത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നിർമ്മിച്ച സ്കൂൾ കമൽഹാസൻ ഉദ്ഘാടനം ചെയ്യും. ഈറോഡിലെ പര്യടനം നാളെയാണ്.

പാർട്ടി പ്രഖ്യാപന ശേഷമുള്ള  മൂന്ന് ദിവസങ്ങളിൽ നാല്ജി ല്ലകളിലായി പര്യടനം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ കഴിഞ്ഞ ഫെബ്രുവരി 21 ന് രാമേശ്വരം മുതൽ മധുരവരെയുള്ള യാത്രയ്ക്ക് ശേഷം കമൽഹാസൻ  മക്കൾ നീതി മയ്യം എന്ന പാർട്ടി പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനപര്യടനം വെട്ടിച്ചുരുക്കുകയായിരുന്നു. രണ്ടാം ഘട്ട യാത്ര തുടങ്ങുന്നത് തിരുപ്പൂരിലെ അവിനാശിയിൽ നിന്നാണ്. ഉച്ചക്ക് നടക്കുന്ന പൊതുയോഗത്തിൽ മക്കൾ നീതി മയ്യത്തിലേക്കുള്ള പുതിയ അംഗങ്ങളെ സ്വീകരിക്കും. തുടർന്ന് ഗ്രാമവാസികൾക്കൊപ്പം ഭക്ഷണം. പെരുന്തുരൈയിലടക്കം വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകരെ അഭിസംഭോധന ചെയ്യും. 

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി മമരത്തുപ്പാളയത്ത് നിർമ്മിച്ച സ്കൂൾ കമൽഹാസൻ ഉത്ഘാടനം ചെയ്യും. നാളെ  ഈറോഡിലാണ് പര്യടനം. രാവിലെ 8.30 മുതൽ പതിനാലോളം കേന്ദ്രങ്ങളിൽ ജനങ്ങളുമായി സംവദിക്കും. പാർട്ടിയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് പാർട്ടി നേതൃത്വം. ഇക്കാര്യം ഭാരവാഹികളുമായും വക്താക്കളുമായും കമൽഹാസൻ ചർച്ച നടത്തിയിരുന്നു. വിവിധ എൻ.ജി.ഒ കളുടെ പിന്തുണ ഉറപ്പാക്കിയാണ് കമലിന്റെ യാത്ര. കഴിഞ്ഞ ദിവസം ചെന്നൈയിൽ നടത്തിയ വനിതദിന പരിപാടിയിൽ വേണ്ടത്ര ജന പങ്കാളിത്തം ഉണ്ടായില്ല എന്ന ആരോപണമുയർന്നിരുന്നു.