ത്രിപുരയിൽ സിപിഎമ്മിനെ തോൽപ്പിക്കുക ലക്ഷ്യം

ത്രിപുരയിൽ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തേക്കാൾ, സിപിഎമ്മിനെ തോൽപ്പിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമെന്ന്  ഗോത്രവർക്കാരുടെ പാർട്ടിയായ ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ്  ത്രിപുര. സിപിഎം, ഗോത്രവർഗക്കാരെ കള്ളം പറഞ്ഞ് പറ്റിക്കുകയായിരുന്നുവെന്ന് ഐ.പി.എഫ്.ടി  നേതാവ് ബ്രിഷകേതു ദേബർമ അഗർത്തലയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. ആദ്യമായാണ് ബിജെപിയുമായി സഖ്യം ചേർന്ന് ഐ.പി.എഫ്.ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

ഗോത്രവർഗക്കാർക്കായി പ്രത്യേക സംസ്ഥാനം വേണമെന്നു വാദിക്കുന്നഐ.പി.എഫ്.ടി, ഈ വാദം അംഗീകരിക്കാത്ത ബിജെപിയുമായി ചേർന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാൽ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിന്മേൽ ചില പഠനങ്ങൾ നടത്തമെന്ന് ബിജെപി ഉറപ്പു നൽകിയ സാഹചര്യത്തിൽ സിപിഎമ്മിനെ തോൽപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നാണ് ഐ.പി.എഫ്.ടി ജനറൽ സെക്രട്ടറി രാജേശ്വർ ദേബർമ വ്യക്തമാക്കി.  ഗോത്ര വർഗക്കാർ താമസിക്കുന്ന സ്ഥലങ്ങളിലെ വികസനം മുരടിച്ചതിനാലാണ് സിപിഎമ്മിനെ തോൽപ്പിക്കാൻ മുന്നോട്ടിറങ്ങിയതെന്ന് സിംന മണ്ഡലത്തിലെ സ്ഥാനാർഥി ബ്രിഷകേതു ദേബർമ പറഞ്ഞു.

ആശുപത്രികൾ, റോഡുകൾ , വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പോലും ഗോത്രവർഗ ജനതയ്ക്ക് നിഷേധിക്കപ്പെട്ടതായും  ഐ.പി.എഫ്.ടി ആരോപിക്കുന്നു. ത്രിപുര ജനസംഖ്യയിൽ 19 വിഭാഗങ്ങളിലായി 31 ശതമാനം ഗോത്രവിഭാഗക്കാരാണ്.കോൺഗ്രസിനെയും സിപിഎമ്മിനേയും കാലങ്ങളായി പിന്തുണച്ചിരുന്ന വിഭാഗമാണ് ഐപിഎഫ് ടിയുടെ കുടക്കീഴിൽ അണിനിരന്നു ബിജെപിയെ പിന്തുണയ്ക്കുന്നത്. എന്നാൽ ഐപിഎഫ്ടിയുടെ ഭാഗമായ ചെറിയ ശതമാനം ഗോത്രജനത മാത്രമാണ് ബിജെപിക്ക് ഒപ്പമുള്ളതെന്നാണ് സിപിഎമ്മിന്റെ വാദം.