ഹജ് കമ്മിറ്റി സുപ്രീം കോടതിയിലേക്ക്; ആവശ്യം ആഗോള ടെന്‍ഡര്‍

ഹജ് യാത്രയ്ക്ക് വിമാന കമ്പനിയെ തീരുമാനിക്കാന്‍ ആഗോള ടെന്‍ഡര്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിക്കുന്നു. ഹജ് സബ്സീഡി നിര്‍ത്തിയതിന് പകരം വിമാനടിക്കറ്റ് നിരക്ക് കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് മന്ത്രി കെ.ടി. ജലീല്‍ ആവശ്യപ്പെട്ടു. 

ഹജ് യാത്രക്ക് ഇന്ത്യന്‍, സൗദി അറേബ്യന്‍ വിമാനകമ്പനികളില്‍ നിന്ന് മാത്രം ദര്‍ഘാസ് ക്ഷണിക്കുകയാണ് നിലവിലെ രീതി. കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നിലവില്‍ മുപ്പത്തിഅയ്യായിരത്തോളം രൂപ ടിക്കറ്റ് നിരക്ക് വരുബോള്‍ ഹാജിമാരില്‍ നിന്ന് ഇരട്ടിയിലേറെ തുകയാണ് വിമാന ടിക്കറ്റ് ഇനത്തില്‍ ഈടാക്കുന്നത്. ഈ പതിവുരീതി അവസാനിപ്പിക്കാന്‍ ആഗോള തലത്തില്‍ വിമാന കമ്പനികളില്‍ നിന്ന് ടെന്‍ഡര്‍ക്ഷണിക്കണം എന്നാവശ്യപ്പെട്ടാണ് സംസ്ഥാന ഹജ് കമ്മിറ്റി കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുന്നത്. 

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്നുളള ഹാജിമാര്‍ക്ക് സബ്സീഡിയായി ആകെ ലഭിച്ചത് 10750 രൂപയാണ്. ആഗോള ടെന്‍ഡര്‍ വഴി ഹജ് യാത്രക്ക് വിമാന കമ്പനികള്‍ക്ക് ടെന്‍ഡര്‍ കൊടുക്കാനായാല്‍ ഒാരോ ഹാജിക്കും ഇരുപത്തയ്യായിരം രുപയെങ്കിലും ലാഭിക്കാനാകും.