ഐ.എസ്.ആര്‍.ഒയുടെ നൂറാമത് ഉപഗ്രഹം വിക്ഷേപണം വിജയകരം

ഐ.എസ്.ആര്‍.ഒ യുടെ നൂറാമത് ഉപഗ്രഹം വിക്ഷേപണം വിജയകരം. കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങള്‍ പി.എസ്.എല്‍.വി സി-40 ഭ്രമണപഥത്തിലെത്തിച്ചു. ഐ.എസ്.ആര്‍.ഒയുടേത് ചരിത്ര നേട്ടമെന്ന് നിയുക്ത ചെയര്‍മാന്‍ ഡോ.കെ. ശിവന്‍ പറഞ്ഞു 

രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രം ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ചു. ഇന്ത്യയുടെ നൂറാമത് ഉപഗ്രഹവുമായി നാല്‍പ്പത്തി രണ്ടാമത് ബഹിരാകവാഹനാമായ പി.എസ്.എല്‍.വി സി.40 സുവര്‍ണ നേട്ടത്തിലേക്ക് കുതിച്ചുയര്‍ന്നു. 

ഭൗമനിരീക്ഷണത്തിനായുള്ള ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-2 ഉള്‍പ്പെടെ മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളാണ് പി.എസ്.എല്‍.വി സി-40 ലക്ഷ്യത്തിലെത്തിച്ചത്. കാര്‍ട്ടോസാറ്റ് സീരീസ് ഉപഗ്രഹം നേരത്തെയും ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ട്. സാങ്കേതിക നിലവാരമുയര്‍ത്തിയ കാര്‍ട്ടോസാറ്റ് ടു വിലൂടെ റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍റ് മാപ്പിങ് തുടങ്ങിയ മേഖലകളില്‍ മുന്നേറ്റമുണ്ടാക്കുകയാണ് രാജ്യത്തിന്‍റെ ലക്ഷ്യം. കാലാവസ്ഥ നിരീക്ഷണത്തിനടക്കമുള്ള മൈക്രോ ഉപഗ്രഹവും നാനോ ഉപഗ്രഹവും ഇതിനോടൊപ്പമുണ്ട്. വരാനിരിക്കുന്ന നേട്ടങ്ങള്‍ക്കുള്ള പ്രചോദനമായാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപണ വിജയത്തെ കാണുന്നത്. 

റോഡ് മാപ്പിങ്, തീരദേശ നിരീക്ഷണം, ലാന്‍റ് മാപ്പിങ് തുടങ്ങിയവയില്‍ വലിയ മുന്നേറ്റമാണ് ഉപഗ്രഹവിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പാന്‍ക്രോമാറ്റിക്, മള്‍ട്ടി സ്പെക്ട്രല്‍ ക്യാമറകള്‍ ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങള്‍ പകര്‍ത്തും.അമേരിക്ക, കാനഡ, ഫിന്‍ലാന്‍റ്, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളുടെ 28 ഉപഗ്രഹങ്ങളും സി-40 ലക്ഷ്യത്തിലെത്തിച്ചു.