അണ്ണാ ഡിഎംകെയില്‍ അധികാര തര്‍ക്കം; ഒപിഎസ്–ഇപിഎസ് ചേരിപ്പോര്; ബഹളം

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിറകെ തമിഴ്നാട്ടില്‍ അണ്ണാഡിഎംകെയില്‍ അധികാരതര്‍ക്കം രൂക്ഷം. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ വാക്കറ്റവും ബഹളുമുണ്ടായി. ഭൂരിപക്ഷം എം.എല്‍.എമാരും പിന്തുണച്ചതോടെ മുന്‍മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തു.

അണ്ണാഡി.എം.കെയിലെ മൂപ്പിള തര്‍ക്കമാണു പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതിലും പ്രതിഫലിച്ചത്.പാര്‍ട്ടി കോര്‍ഡിനേറ്ററായ ഒ.പനീര്‍സെല്‍വവും ഡെപ്യൂട്ടി കോര്‍ഡിനേറ്ററായ എടപ്പാടി പളനിസാമിയും ചേരി തിരിഞ്ഞാണ് അധികാരം പിടിക്കാന്‍ ശ്രമിക്കുന്നത്.രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭാ കക്ഷിയോഗം ബഹളത്തിലും വാക്കേറ്റത്തിലും മുങ്ങിയിരുന്നു.പാര്‍ട്ടി ആസ്ഥാനത്തിനു പുറത്തു ഇരുനേതാക്കളുടെയും അനുയായികള്‍ ചേരിതിരിഞ്ഞു പോര്‍വിളികളുമുണ്ടായി

66 എം.എല്‍.എമാരില്‍ 61പേരും എടപ്പാടി പളനിസാമിയെ അനുകൂലിച്ചു.പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തെങ്കിലും പാർട്ടിയിലെ പോര് തുടരുമെന്നാണു വിലയിരുത്തൽ. പ്രതിപക്ഷ നേതൃപദവി ലഭിച്ചതോടെ,എടപ്പാടിയെ പാർട്ടി ജനറൽ സെക്രട്ടറിയാക്കണമെന്ന ആവശ്യം അനുയായികൾ ഉയർത്തി തുടങ്ങി.അതേ സമയം നിയമസഭാ കക്ഷിയിലെ മൃഗീയ ഭൂരിപക്ഷം പാര്‍ട്ടിയില്‍ എടപ്പാടി പളനിസാമിക്കില്ല.അണ്ണാഡിഎംകെയെ കൊങ്കു,ഗൗണ്ടർ പാർട്ടിയാക്കുകയാണെന്ന ആരോപണം മറ്റു മേഖലകളിലെ നേതാക്കൾക്കുണ്ട്. ശശികല വിഭാഗവുമായി ചേർന്നു ഒപിഎസ്,ഇപിഎസിനെതിരെ പടനയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.