ആധാറിൽ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

ആധാര്‍ സ്റ്റേ ചെയ്യണം തുടങ്ങിയ ആവശ്യങ്ങളില്‍ സുപ്രീംകോടതി വെള്ളിയാഴ്ച ഇടക്കാല ഉത്തരവിടും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗഭരണഘടനാബെഞ്ചിന് മുന്നില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. ആധാര്‍‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കാനുളള തീയതി മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ നീട്ടാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മൂന്നുമണിക്കൂറിലേറെ നീണ്ട വാദത്തിനൊടുവിലാണ് വെള്ളിയാഴ്ച ഇടക്കാല ഉത്തരവിടാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തീരുമാനിച്ചത്. ആധാര്‍ സ്വകാര്യത ലംഘിക്കുന്നുവെന്ന മുഖ്യവിഷയത്തില്‍ ജനുവരി പത്തിന് വാദം തുടങ്ങും. പൗരന്‍റെ മൗലികാവകാശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ വാദിച്ചു. പൗരന്‍ എന്തു വാങ്ങുന്നു, എവിടെ നിന്ന് വാങ്ങുന്നു എന്ന് സര്‍ക്കാര്‍ എന്തിനറിയണം. ആധാര്‍ സ്വകാര്യതയ്ക്ക് വലിയഭീഷണിയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ആധാര്‍‍കാര്‍ഡിന്‍റെ പേരില്‍ സ്കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വരെ കേന്ദ്രം നിഷേധിക്കുകയാണെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍റെ ആരോപണം. വാചക കസര്‍ത്തു കൊണ്ടല്ല രേഖകള്‍ മുന്നില്‍വച്ച് വാദം പറയാന്‍ ചീഫ് ജസ്റ്റിസ് ദീപക്  മിശ്ര ആവശ്യപ്പെട്ടു. ആധാര്‍ ഡേറ്റ സ്വകാര്യകമ്പനിക്ക് ഔട്ട് സോഴ്സ് ചെയ്തിരിക്കുകയാണ്. ഈ കമ്പനിയുടെ പേര് വിവരാവകാശപ്രകാരം ചോദിച്ചെങ്കിലും കേന്ദ്രം മറുപടി നല്‍കുന്നില്ലെന്നും അഭിഭാഷകര്‍ ആരോപിച്ചു. നൂറ്റിമുപ്പത്തിയൊന്‍പത് സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ മാര്‍ച്ച് മുപ്പത് വരെ സമയം നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

ആധാർ നമ്പരും പാൻ നമ്പരും ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാർച്ച് 31 വരെ നീട്ടി. പുതുതായി അക്കൗണ്ട് തുടങ്ങുന്നവർ ആറു മാസത്തിനകം ആധാർ, പാൻ നമ്പരുകൾ ലഭ്യമാക്കണം. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കും.  

നിലവിൽ അക്കൗണ്ട് ഉള്ളവർ ഈ മാസം 31ന് അകം ആധാർ, പാൻ നമ്പരുകൾ നൽകണമെന്ന വ്യവസ്‌ഥയാണു പരിഷ്‌കരിച്ചത്. പുതിയ അക്കൗണ്ട് തുടങ്ങി ആറു മാസത്തിനകം ആധാർ, പാൻ നമ്പരുകൾ നൽകണം. ബാങ്കുകൾക്കു പുറമേ, ധനകാര്യ സ്‌ഥാപനങ്ങൾ, ചിട്ടി ഫണ്ട്, ഓഹരിക്കച്ചവടം, സഹകരണ ബാങ്ക് തുടങ്ങിയവയുമായുള്ള ഇടപാടുകൾക്കും ആധാർ നിർബന്ധമാണ്.