സ്വത്ത്് വാരിക്കൂട്ടി ഒ.പനീര്‍സെല്‍വം; ഡയറിയുടെ പകര്‍പ്പ് മനോരമ ന്യൂസിന്

തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍സെല്‍വവും കുടുംബവും തേനി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഭൂമി വാങ്ങികൂട്ടി. തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ പനീര്‍സെല്‍വം ഭൂമി വിവരങ്ങള്‍ മറച്ചുവച്ചു.  വിവാദ വ്യവസായി ശേഖര്‍ റെഡ്ഡിയില്‍ നിന്ന് കോടികള്‍ കൈപ്പറ്റിയെന്നും രേഖകള്‍. ആദയനികുതി റെയ്ഡില്‍ പിടിച്ചെടുത്ത ശേഖര്‍ റെഡ്ഡിയുടെ ഡയറിയുടെ പകര്‍പ്പ് മനോരമ ന്യൂസിന്. ദി വീക്ക് വാരിക ഒ.പി.എസിന്‍റെ സ്വത്ത് വിവരങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

ചായക്കടക്കാരന്‍, റിയല്‍എസ്റ്റേറ്റ് ബ്രോക്കര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍, എം.എല്‍.എ, മുഖ്യമന്ത്രി , ഇപ്പോള്‍ ഉപമുഖ്യമന്ത്രി. ഒ.പനീര്‍സെല്‍വത്തിന്‍റെ വളര്‍ച്ച ഇങ്ങനെയായിരുന്നു. ഇരുപതിനായിരം രൂപ ലോണെടുത്ത് തേനിയിലെ പെരിയകുളം ജംങ്ഷനില്‍ ചായക്കട തുടങ്ങിയ ഒ.പി.എസിന്‍റ ഇന്നത്തെ ആസ്തി 2200 കോടിയാണ്. തേനി, ഒ.പി.എസിന്‍റെ മണ്ഡലമായ പെരിയകുളം, 2001ല്‍ ജയലളിത എം.എല്‍.എ ആയ ആണ്ടിപ്പട്ടി മണ്ഡലം, മുല്ലപ്പെരിയാറിന് സമീപത്തെ കമ്പം, കുമിളി എന്നിവിടങ്ങളിലടക്കം ബിനാമി പേരിലും ബന്ധുക്കളുടെ പേരിലും ഭൂമി വാങ്ങിക്കൂട്ടി. 

പക്ഷേ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ഒന്നര കോടിയോളം രൂപയുടെ ആസ്തി മാത്രമാണ് രേഖപ്പെടുത്തിയത്.  തെങ്കരൈ എന്ന പ്രദേശത്ത് മാത്രം നിരവധി വീടുകള്‍ ഒ.പി.എസിന്‍റെ കുടുംബാംഗങ്ങളുടേതായുണ്ട്. ഭാര്യ വിജയലക്ഷ്മി, മകള്‍ കവിത, ഭാനു എന്നിവരുടെ സ്വത്തിലും വന്‍ വര്‍ധനവുണ്ടായി. ആണ്‍ മക്കളായ ജയപ്രദീപ്, രവീന്ദ്രനാഥ് കുമാര്‍ എന്നിവര്‍ക്ക് 2000 കോടിയോളമാണ് ആസ്തി. പതിനൊന്ന് വന്‍കിട കമ്പനികളില്‍ നിക്ഷേപവുമുണ്ട്. 

വിവാദ മണല്‍ ഖനന വ്യവസായി ശേഖര്‍ റെഡ്ഡിയുമായി പണമിടപാട് നടത്തിയവരുടെ വിവരങ്ങള്‍ അടങ്ങിയ ഡയറി ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. വിവിധ ആളുകള്‍ മുഖേന കോടികളാണ് ഒ.പി.എസ് കൈപ്പറ്റിയത് എന്നാണ് ഡയറിലുള്ളത്. മറ്റ് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പണം നല്‍കിയ വിവരങ്ങളും ഡയറിയിലുണ്ട്.