ആധാർ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി നീട്ടി

ആധാര്‍ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. മൊബൈല്‍ നമ്പർ ബന്ധിപ്പിക്കുന്നതിനുളള സമയപരിധി കോടതിയുടെ ഉത്തരവില്ലാതെ നീട്ടാനാകില്ലെന്നും അറ്റോര്‍‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ പറഞ്ഞു. ആധാര്‍ സ്റ്റേ ചെയ്യണം തുടങ്ങി ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ട ഹര്‍ജികളില്‍ അടുത്തയാഴ്ച വാദം കേള്‍ക്കാമെന്ന് കോടതി വ്യക്തമാക്കി. 

ആധാര്‍ നമ്പർ , ബാങ്ക് അക്കൗണ്ട് തുടങ്ങി നൂറ്റിമുപ്പത്തിയൊന്‍പത് സേവനങ്ങളുമായി ബന്ധിപ്പിക്കാന്‍ മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ സമയം നീട്ടിനല്‍കിയതായി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ഫെബ്രുവരി ആറിനകം തന്നെ ആധാര്‍ മൊബൈല്‍ നന്പറുമായി ബന്ധിപ്പിക്കണം. ലോക്നീതി ഫൗണ്ടേഷന്‍ കേസില്‍ സുപ്രീംകോടതി തന്നെയാണ് സമയപരിധി നിശ്ചയിച്ചത്. അതിനാല്‍ കോടതി ഉത്തരവില്ലാതെ സമയം നീട്ടിനല്‍കാനാവില്ലെന്ന് എ.ജി പറഞ്ഞു. നിലവില്‍ ആധാര്‍കാര്‍ഡ് ഉളളവര്‍ ഡിസംബര്‍ മുപ്പത്തിയൊന്നിനകം സേവനപദ്ധതിയുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്‍റെ ഇതുവരെയുളള നിലപാട്.

നാളെ വിജ്ഞാപനം ഇറങ്ങുമ്പോൾ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ആധാര്‍ കാര്‍ഡ് സ്റ്റേ ചെയ്യരുതെന്നും വിശദമായ വാദം പറയാന്‍ തയാറാണെന്നും എ.ജി കോടതിയെ അറിയിച്ചു. ഇടക്കാല ഉത്തരവ് ആവശ്യപ്പെട്ട ഹര്‍ജികള്‍ അടുത്തയാഴ്ച അഞ്ചംഗഭരണഘടനാബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി. നിലവില്‍ ആധാര്‍കാര്‍ഡ് ഉളളവര്‍ക്ക് സമയം നീട്ടിനല്‍കുന്നത് അടക്കം ആവശ്യങ്ങളാണ് ഇടക്കാലഉത്തരവായി ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.