ഞങ്ങള്‍ക്കും ശ്വസിക്കണം ശുദ്ധവായു

കേരളത്തില്‍ കിണറ്റില്‍നിന്നും പുഴയില്‍നിന്നും വെള്ളമെടുത്ത് ദാഹം മാറുവോളം കുടിച്ചിരുന്ന കാലമൊക്കെ പോയി. വെള്ളം തിളപ്പിച്ചാല്‍ പോര, അതിനുമുന്‍പ് വിലപിടിപ്പുള്ള  ജലശുദ്ധീകരണയന്ത്രത്തിലൂടെ കടത്തിവിട്ടശേഷം തിളപ്പിച്ചാല്‍ മതിയെന്ന സ്ഥിതിയായി. കേരളത്തില്‍നിന്ന് മൂവായിരത്തിലധികം കിലോമീറ്റര്‍ അകലെയുള്ള രാജ്യതലസ്ഥാനത്ത് സ്ഥിതി വീണ്ടും മാറി. വെള്ളം ശുദ്ധീകരിക്കുന്ന യന്ത്രം പണ്ടേ മിക്കവീടുകളിലും സ്ഥാനംപിടിച്ചിട്ടുണ്ട്. ഇപ്പോള്‍ അതല്ല പ്രശ്നം. ശുദ്ധവായു ശ്വസിക്കാന്‍ കിട്ടുന്നില്ല. പത്രങ്ങളിലെ വായുശുദ്ധീകരണ യന്ത്രങ്ങളുടെ പളപളപ്പുള്ള പരസ്യങ്ങള്‍ കണ്ടാണ് ഡല്‍ഹിക്കാര്‍ ഉണരുന്നത്. 

ജീവവായുവിനായി ഒരു നഗരത്തിലെ  ജനം മുഴുവനും ഒരാഴ്ചയായി അലയുന്നു. ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാഷ്ട്രീയപാര്‍ട്ടികളും ഭരണകര്‍ത്താക്കളും ഉണര്‍ന്നു. നടപടി സ്വീകരിക്കാത്തതിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹി സര്‍ക്കാരിനെ നിര്‍ത്തിപ്പൊരിച്ചു.. കഴിഞ്ഞ കൊല്ലവും ദീപാവലിക്കുശേഷം ഡല്‍ഹിയും പരിസരപ്രദേശങ്ങളും ഇതേ ദുരിതം അനുഭവിച്ചതാണ്. ഒരുകൊല്ലം കഴിഞ്ഞ് വീണ്ടും അതേ ദുരിതം അനുഭവിക്കാന്‍ ഒരു ജനത മുഴുവന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഭരണകൂടം എന്തു ചെയ്യുകയായിരുന്നു എന്ന ചോദ്യം ബാക്കി. ഡല്‍ഹിയില്‍ കഴിയുന്നത് ഗ്യാസ് ചേംബറില്‍ കഴിയുന്നതിനു തുല്യമെന്ന രൂക്ഷവിമര്‍ശനം ഉന്നയിച്ചത് രണ്ടുകൊല്ലം മുന്‍പ് ഡല്‍ഹി ഹൈക്കോടതിയായിരുന്നു. ഇക്കുറി മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാളിനും സമാന അഭിപ്രായം പറയേണ്ടിവന്നു. 

ഡല്‍ഹിയിലെ വായുഗുണനിലവാര സൂചിക ഐ.സി.യുവില്‍നിന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയ സ്ഥിതിയിലെത്തി. ഡല്‍ഹി, നോയിഡ, ഗുരുഗ്രാം (ഗുഡ്ഗാവ്), ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളില്‍ വായുഗുണനിലാവരസൂചിക അഞ്ഞൂറിനടുത്തെത്തി. ഒരു ദിവസം 50 സിഗരറ്റ് വലിക്കുന്നതിനു തുല്യമായിരുന്നു ഡല്‍ഹിയിലെ വിഷവായു ശ്വസിച്ചാലുള്ള അവസ്ഥയെന്ന് ആരോഗ്യവിദഗ്ധര്‍ . ആരോഗ്യമുള്ളവനെപ്പോലും രോഗിയാക്കുന്ന അന്തരീക്ഷം. ആശുപത്രികളിലേക്ക് ശ്വാസകോശരോഗികളുടെയും ശ്വാസതടസ്സം നേരിട്ടവരുടെയും ഒഴുക്കായിരുന്നു. 

ദീപാവലിക്കാലത്തെ പടക്കംപൊട്ടിക്കലും തണുപ്പുകാലവും ഡല്‍ഹിയിലെ അന്തരീക്ഷമലിനീകരണം കൂട്ടാറുണ്ട്. ഇക്കൊല്ലം പടക്കവില്‍പ്പന സുപ്രീംകോടതി നിരോധിച്ചതും ബോധവല്‍ക്കരണ ശ്രമങ്ങളും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മലിനീകരണതോത് കുറയ്ക്കുന്നതിനു സഹായിച്ചു. യു.പിയില്‍നിന്നും ഹരിയാനയില്‍നിന്നും പടക്കം എത്തിച്ച് പൊട്ടിച്ചെങ്കിലും പടക്കംപൊട്ടിക്കല്‍ ഇക്കൊല്ലം കുറവായിരുന്നുവെന്ന് പറയാം. പക്ഷേ, ഹരിയാനയിലെയും പഞ്ചാബിലെയും യു.പിയിലെയും പാടശേഖരങ്ങളില്‍ വിളവെടുപ്പിനുശേഷം വൈക്കോല്‍ അവശിഷ്ടങ്ങള്‍ക്ക് തീയിടുന്നതു തടയാന്‍ കഴിഞ്ഞില്ല. കഴിഞ്ഞകൊല്ലത്തെ ദുരിതം മുന്നിലുണ്ടെങ്കിലും ഇക്കുറി ഈ പ്രശ്നത്തിനു പരിഹാരം കാണാന്‍ സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ആത്മാര്‍ഥ പരിശ്രമം ഉണ്ടായില്ലെന്നുവേണം കരുതാന്‍ . കര്‍ഷകരോട് അവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന് പറയുംപോലെ  അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കി അവയ്ക്ക് ശാശ്വതിപരിഹാരം കണ്ടെത്താന്‍ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്തമുണ്ട്. നിങ്ങളെ അധികാരത്തിലേറ്റിയവരില്‍ ഈ കര്‍ഷകരുടെ വോട്ടുമുണ്ടെന്ന വസ്തുത ഭരണകര്‍ത്താക്കള്‍ മറക്കരുത്. 

ഡല്‍ഹിയിലെ വാഹനത്തിരക്കും ഗതാഗതക്കുരുക്കും ഒരിക്കലെങ്കിലും തലസ്ഥാനം സന്ദര്‍ശിച്ചവര്‍ക്ക് അനുഭവിച്ചിട്ടുണ്ടാകും. അന്തരീക്ഷമലിനീകരണം കൂട്ടുന്നതിലെ പ്രധാന വില്ലന്‍ ഈ വാഹനങ്ങളാണ്. ഒറ്റ ഇരട്ട അക്ക വാഹനനിയന്ത്രണത്തിലൂടെ മുന്‍പ് ഡല്‍ഹി സര്‍ക്കാര്‍ ഈ പ്രശ്നത്തിനു പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുണ്ട്. ഇന്നു മുതല്‍ ഉപാധികളോടെ ഒറ്റ ഇരട്ട അക്ക വാഹന നിയന്ത്രണം കൊണ്ടുവരാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. എന്നാല്‍ ഇരുചക്രവാഹനങ്ങളും വനിതകള്‍ ഓടിക്കുന്ന വാഹനങ്ങളും അടക്കം നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന നിര്‍ദേശം സ്വീകാര്യമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഡല്‍ഹിയില്‍ പ്രതിദിനം അറുപതുലക്ഷം ഇരുചക്രവാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതി വാഹനങ്ങള്‍ നിരോധിച്ചാല്‍ അത്രയുംപേര്‍ക്ക് പൊതുഗതാഗത സംവിധാനം ഉപയോഗിക്കേണ്ടിവരും. അതിനുളള ശേഷി പൊതുഗതാഗതസംവിധാനത്തിനില്ലെന്നാണ്  ഡല്‍ഹി സര്‍ക്കാരിന്‍റെ വാദം. 

ഒരു രാജ്യത്തിന്റെ തലസ്ഥാനം മാതൃകാനഗരകമാകണം. ഡല്‍ഹിയെ അക്കൂട്ടത്തില്‍ ഉള്‍പ്പെടുത്താനാകില്ല. വായുമലിനീകരണത്തില്‍ ലോകഭൂപടത്തില്‍ തന്നെ മുന്‍നിരയിലാണ് ഡല്‍ഹി. തലസ്ഥാനനഗരം മാറിമാറി ഭരിച്ച ഭര‍ണകര്‍ത്താക്കളുടെ ദീര്‍ഘവീക്ഷണമില്ലായ്മയുടെ ഫലം അനുഭവിക്കുകയാണ് പൊതുജനം. വാഹനപ്പെരുപ്പം, അനിയന്ത്രിത കെട്ടിടനിര്‍മാണം, ഫാക്ടറികള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍ ...ഒന്നും യഥാസമയം നിയന്ത്രിക്കാന്‍ അധികാരികള്‍ക്കു കഴിഞ്ഞില്ല. ഈ വായു ശ്വസിച്ചു വളരുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ എന്താകും. മാസ്ക്കുകളും വായുശുദ്ധീകരണ യന്ത്രങ്ങളും വാങ്ങി ശുദ്ധവായു ശ്വസിക്കാന്‍ എത്രപേര്‍ക്ക് കഴിയും. ഇതൊന്നും ശാശ്വതപരിഹാരമല്ലല്ലോ. ഡല്‍ഹി അടിമുടി മാറണമെങ്കില്‍ പിടിവാശി മാറ്റിവച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുപ്രവര്‍ത്തിക്കണം. ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങള്‍ക്കും തുല്യ ബാധ്യതയുണ്ട്. സര്‍ക്കാരിന്‍റെ പരിശ്രമങ്ങള്‍ക്ക് ജനങ്ങളും ഒറ്റക്കെട്ടായി പിന്തുണനല്‍കിയാല്‍ ഡല്‍ഹി നന്നാക്കാനാകും. 

മഴ പെയ്താലോ നല്ല കാറ്റുവീശിയാലോ ഇപ്പോഴത്തെ ദുരിതത്തിനു താല്‍ക്കാലിക ശമനമാകും. എന്നാല്‍ പ്രകൃതിയുടെ നിയന്ത്രണം സര്‍ക്കാരുകളുടെയും  കോടതികളുടെയും  കൈകളില്‍ അല്ലല്ലോ.