മലിനീകരണത്തെ നേരിടാന്‍ നടപടികളുമായി ഡല്‍ഹി സര്‍ക്കാർ

രാജ്യതലസ്ഥാനത്തെ ശ്വാസം മുട്ടിച്ച് പുകമഞ്ഞ് തുടരുമ്പോള്‍ മലിനീകരണത്തെ നേരിടാന്‍ പുതിയ നടപടികളിലേയ്ക്ക് നീങ്ങുകയാണ് ദേശീയ ഹരിത ട്രൈബ്യൂണലും, ഡല്‍ഹി സര്‍ക്കാറും. ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തില്‍ വലിയവര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 

അന്തരീക്ഷമലിനീകരണത്തിന്‍റെ തോതില്‍ ക്രമാധീതമായ വര്‍ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് പുകമഞ്ഞിന് നേരിയ ശമനമുണ്ടെങ്കിലും അന്തരിക്ഷ മലിനീകരണത്തോത് നാനൂറിനു മുകളില്‍ തുടരുകയാണ്. വിവിധ നിയത്രണങ്ങളുമായി മലിനീകരണത്തെ നേരിടാന്‍ ശ്രമമുണ്ടായെങ്കിലും ഇത് കാര്യമായ ഫലമുണ്ടാക്കിയില്ല. മുന്‍വര്‍‍ഷങ്ങളില്‍ നിയന്ത്രണങ്ങള്‍ എത്രത്തോളം ഫലം ഉണ്ടാക്കിയെന്നുള്ള കണക്കുകള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ദേശിയ ഹരിത ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മലിനീകരണം മൂലം ഡല്‍ഹിയില്‍ ദിവസവും അഞ്ചുമുതല്‍ പത്തുപേര്‍ വരെ മരണപ്പെടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 

മലിനീകരണം നിയന്ത്രിക്കുന്നതിനായി ചരക്കുവാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളുകള്‍ക്കെല്ലാം അവധി നല്കിയിരിക്കുകയാണ്.