ഗൾഫിലെ ജോലി തട്ടിപ്പ്; നിജസ്ഥിതി അറിയാം; സൗകര്യമൊരുക്കി ഇന്ത്യൻ എംബസി

ഗൾഫിലെ ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ സൌകര്യമൊരുക്കി യുഎഇയിലെ ഇന്ത്യൻ എംബസി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന് കീഴിലുള്ള പ്രവാസി ഭാരത സഹായ കേന്ദ്രം വഴി വ്യാജ ഓഫർ ലെറ്ററുകളടക്കം പരിശോധിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു. ഗൾഫിലെ വിവിധ 

കമ്പനികളുടെ പേരിൽ വ്യാജരേഖകൾ നിർമിച്ച് ജോലി തട്ടിപ്പ് തുടരുന്ന സാഹചര്യത്തിലാണ് എംബസിയുടെ ഇടപെടൽ.യുഎഇയിലെ പ്രമുഖ കമ്പനികളിൽ ജോലി ലഭിച്ചെന്ന്  വ്യക്തമാക്കി കമ്പനിയുടേതെന്ന് തോന്നിപ്പിക്കുന്ന ലെറ്റർ പാഡിൽ ഓഫർ ലെറ്ററും നൽകി തട്ടിപ്പ് 

നടക്കുന്നുവെന്ന വിവരത്തെതുടർന്നാണ് കോൺസുലേറ്റിൻറെ ഇടപെടൽ. നാട്ടിൽ ഒട്ടേറെ പേരാണ് സമൂഹമാധ്യമങ്ങളിലൂടെയടക്കം ഇത്തരത്തിലുള്ള ജോലി തട്ടിപ്പിനെക്കുറിച്ച് പരാതി നൽകിയത്. സർവീസ് ചാർജെന്ന പേരിൽ പണം ഈടാക്കിയശേഷം വ്യാജ ഓഫർ ലെറ്റർ നൽകിയെന്ന പരാതികളും ലഭിച്ചിട്ടുണ്ടെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് വ്യക്തമാക്കി. പ്രവാസികൾക്ക് ലഭിക്കുന്ന ജോലി വാഗ്ദാനങ്ങളുടെ നിജസ്ഥിതി കോൺസുലേറ്റിന് കീഴിലുള്ള പ്രവാസി 

ഭാരത സഹായ കേന്ദ്രത്തിൻറെ മൊബൈൽ ആപ്ളിക്കേഷൻ വഴിപരിശോധിക്കാനാകുമെന്ന് കോൺസൽ സിദ്ധാർഥ കുമാർ ബറെയ്ലി വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്യുന്ന ഓഫർ ലെറ്റർ പി.ഡി.എഫ് ഫോർമാറ്റിൽ പി.ബി..എസ്.കെ ആപ്പിൽ അപ് ലോഡ് ചെയ്യണം. കോൺസുലേറ്റ് അധികൃതർ ഇതിൻറെ നിജസ്ഥിതി പരിശോധിച്ച് ഉദ്യോഗാർഥികൾക്ക് മറുപടി നൽകും. തൊഴിൽ തർക്കം, നിയമസഹായം, തൊഴിൽ സംബന്ധമായ മറ്റു വിഷയങ്ങൾ എന്നിവയെല്ലാം പരിഹരിക്കാൻ പിബിഎസ്കെയിൽ സംവിധാനമുണ്ട്. സ്ത്രീ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ, മരണ റജിസ്ട്രേഷൻ തുടങ്ങി വിവിധ സേവനങ്ങളും ഈ ആപ്പിലൂടെ ലഭ്യമാണ്.