ബഹ്റൈനിലും സിനോഫാം വാക്സീന് അംഗീകാരം; 7,700പേരിൽ പരീക്ഷിച്ചു

യുഎഇക്ക് പിന്നാലെ ബഹ്റൈനും സിനോഫാം വാക്സീന് അംഗീകാരം നൽകി. ക്ളിനിക്കൽ പരീക്ഷണം വിലയിരുത്തിയതിൻറെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. അതേസമയം, ഫൈസർ വാക്സീൻ അടിയന്തരാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കുവൈത്ത് അനുമതി നൽകി.

  ആബുദാബി ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി സിനോഫാം, അബുദാബി ആസ്ഥാനമായ നിർമിതബുദ്ധി സ്ഥാപനം ഗ്രൂപ്പ് 42  എന്നിവർ ചേർന്ന് നടത്തുന്ന കോവിഡ് വാക്സീൻ പരീക്ഷണത്തിൻറെ മൂന്നാം ഘട്ടം  ബഹ്റൈനിൽ നടത്തിയതിന് പിന്നാലെയാണ് വാക്സീന് ഔദ്യോഗിക അംഗീകാരം നൽകിയത്. 7,700 പേരാണ് ബഹ്റൈനിൽ വാക്സീൻ പരീക്ഷണത്തിൻറെ ഭാഗമായത്. വാക്‌സീൻ 86% ഫലപ്രാപ്തിയുള്ളതാണെന്ന് അതോറിറ്റി വ്യക്തമാക്കി. അതോറിറ്റി നിയോഗിച്ച ക്ളിനിക്കൽ സമിതിയുമായി ചർച്ചചെയ്തശേഷമാണ് അനുമതി നൽകിയത്. കഴിഞ്ഞമാസം മൂന്നു മുതൽ അടിയന്തര ഘട്ടങ്ങളിൽ സിനോഫാം വാക്സീൻ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുന്നു. ബഹ്റൈനിൽ താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും വാക്സീൻ സൌജന്യമായിരിക്കും. അതേസമയം, സൌദിക്കും ബഹ്റൈനും പിന്നാലെ ഗൾഫിൽ കുവൈത്തും ഫൈസർ വാക്സീന് അനുമതി നൽകി. അടിയന്തആവശ്യങ്ങളിൽ മാത്രമായിരിക്കും ആദ്യഘട്ടമായി വാക്സീൻ നൽകുന്നത്. വാക്സീൻ വിതരണം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  മിഷ്റെഫിലെ വാക്സീൻ കേന്ദ്രത്തിൽ പ്രതിദിനം 10,000 പേർക്ക് വാക്സീൻ നൽകാനാകുമെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ബാസിൽ അൽ സബാഹ് പറഞ്ഞു. വാക്സീൻ ആവശ്യമുള്ളവർക്കായി ആരോഗ്യമന്ത്രാലയത്തിൻറെ വെബ്സൈറ്റ് വഴി റജിസ്ട്രേഷൻ തുടങ്ങിയിട്ടുണ്ട്.