അജ്മാനിൽ വീണ്ടും മുത്തപ്പൻ തിരുവപ്പന മഹോൽസവം

ajman
SHARE

പ്രവാസികൾക്ക് അനുഗ്രഹമായി അജ്മാനിൽ വീണ്ടും മുത്തപ്പൻ തിരുവപ്പന മഹോൽസവം. ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന മഹോൽസവത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഇത് പതിനഞ്ചാം വർഷമാണ് മുത്തപ്പൻ തിരുവപ്പന മഹോത്സവം യുഎഇയിൽ സംഘടിപ്പിക്കുന്നത്.

ഇക്കുറിയും പതിവ് തെറ്റിയില്ല. പ്രവാസികൾക്ക് അനുഗ്രഹം ചൊരിയാൻ മുത്തപ്പൻ തിരുവപ്പന മഹോൽസവം അരങ്ങേറി.  നാട്ടിലെ ആചാര രീതികളുടെ തനിപ്പകർപ്പായിരുന്നു ചടങ്ങുകൾ. ഹാളിൽ പ്രത്യേകം മടത്തറ കെട്ടിയുണ്ടാക്കിയായിരുന്നു തിരുവപ്പന മഹോൽസവം. കുന്നത്തൂർപാടിയിൽ നിന്നുള്ള മലയിറക്കൽ ചടങ്ങോടെയായിരുന്നു തുടക്കം. ഈശ്വരനും വിശ്വാസിയും തമ്മിലുള്ള പ്രതീകാത്മക മുഖാമുഖമാണ് മുത്തപ്പൻ ആരാധനയുടെ അന്തസത്ത. ആയിരങ്ങളാണ് മുത്തപ്പന്‍റെ അനുഗ്രഹം തേടി രാജ്യത്തിന്‍റെ വിവിധഭാഗങ്ങളിൽ നിന്നായി എത്തിയത്. 

കണ്ണൂരിൽ നിന്ന് മുത്തപ്പൻ കെട്ടിയാടുന്നവരുൾപ്പെടെ പത്തുപേരാണ്  ഉൽസവത്തിനായി എത്തിയത്. കുട്ടികളുടെ ചോറൂണും  ഭക്തർക്ക് പ്രസാദയൂട്ടും  ഒരുക്കിയിരുന്നു. മുത്തപ്പനും ആചാരനുഷ്ഠാനങ്ങളും സ്വദേശികൾക്ക് കൗതുകക്കാഴ്ചയായി. വിശ്വാസത്തിന്‍റെയും ഭക്തിയുടെയും നിമിഷങ്ങൾക്കൊപ്പം കേരളത്തിൻറെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ വിളിച്ചു ചൊല്ലു കൂടിയായിരുന്നു തിരുവപ്പന മഹോത്സവം.

MORE IN GULF
SHOW MORE