വിമാനയാത്രയ്ക്ക് അനുമതി കാത്ത് ആയിരങ്ങൾ; മലയാളികളടക്കം ദുരിതത്തിൽ

കുവൈത്തിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാട്ടിലേക്കുള്ള മടക്കയാത്രയും കാത്ത് ഇടുങ്ങിയമുറികളിൽ കഴിയുന്ന പലരും മരുന്നുകൾ പോലും ലഭിക്കാതെ ദുരിതത്തിലാണ്. കോവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലുകൾ പോലുമില്ലാതെ ആറായിരത്തോളം ഇന്ത്യക്കാരാണ് വിമാനയാത്രയ്ക്ക് അനുമതി കാത്ത് കഴിയുന്നത്.

കുവൈത്ത് സർക്കാർ അനുവദിച്ച പൊതുമാപ്പ് ലഭിച്ച് വിവിധ ക്യാംപുകളിൽ കഴിയുന്നവർ ദുരിതത്തിലാണ്. ചെറിയ മുറികളിലായി പത്തും പതിനഞ്ചും പേരാണ് താമസിക്കുന്നത്. ശുചിമുറികൾ ആവശ്യത്തിനില്ല. ചുറ്റുപാടുകൾ വൃത്തിഹീനമാണ്.  കുവൈത്ത് സർക്കാർ ചെലവിലാണ് ഭക്ഷണവും താമസവും. പക്ഷേ, ജീവിതശൈലീ രോഗങ്ങളടക്കമുള്ളവരിൽ പലരുടേയും മരുന്നു തീർന്നു. സ്ത്രീകളും പൊതുമാപ്പ് ലഭിച്ച് നാട്ടിലേക്ക് മടക്കം കാത്തിരിക്കുകയാണ്. പൊതുമാപ്പ് ലഭിച്ച എല്ലാവരേയും സ്വന്തം ചെലവിൽ, സ്വന്തം വിമാനങ്ങളിൽ നാട്ടിലേക്കെത്തിക്കാമെന്ന് കുവൈത്ത് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനാൽ ഇനി വേണ്ടത് കേന്ദ്രസർക്കാരിൻറെ അനുമതി മാത്രമാണ്. വൈകുന്ന ഓരോ നിമിഷവും ജീവനു ഭീഷണിയാകുമെന്ന ഭയത്തിലാണ് ഇവർ ഇവിടെ കഴിയുന്നത്.