പ്രവാചക വിരുദ്ധ പരാമര്‍ശം: ഇന്ത്യൻ ഉൽപന്നങ്ങൾ പിൻവലിച്ച് കുവൈത്ത് സൂപ്പർമാർക്കറ്റ്

പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ബിജെപി വക്താവ് നൂപുർ ശർമ നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ ഉൽപന്നങ്ങൾ  പിൻവലിച്ച് കുവൈത്തിലെ സൂപ്പർമാർക്കറ്റ്. അൽ-അർദിയ കോ ഓപറേറ്റിവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ തേയിലയും മറ്റ് ഉൽപന്നങ്ങളും റാക്കുകളിൽനിന്ന് മാറ്റി ട്രോളികളിൽ കൂട്ടിയിട്ടു. അരി ചാക്കുകളും സുഗന്ധവ്യഞ്ജനങ്ങളും മുളകുകളും വച്ച ഷെൽഫുകൾ പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മൂടുകയും ചെയ്തു. ഞങ്ങൾ ഇന്ത്യൻ ഉൽപന്നങ്ങൾ നീക്കം ചെയ്തു എന്ന് അറബിയിൽ എഴുതിയും വെച്ചിട്ടുണ്ട്. കുവൈത്ത് മുസ്‍ലിം ജനതയെന്ന നിലയിൽ ഞങ്ങൾ പ്രവാചകനെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്ന് സ്റ്റോർ സി.ഇ.ഒ നാസർ അൽ മുതൈരി പറഞ്ഞു. കമ്പനിയിലുടനീളം ബഹിഷ്‌കരണം പരിഗണിക്കുകയാണെന്ന് ശൃംഖലയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞായി വാർത്ത ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. വിവിധ ഇന്ത്യന്‍ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ബിജെപി നേതാക്കളുടെ പ്രവാചക വിരുദ്ധ പരാമര്‍ശത്തില്‍ ഇസ്‍ലാമിക രാജ്യങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതോടെ പ്രശ്നപരിഹാര നീക്കം ഉൗര്‍ജിതമാക്കി ഇന്ത്യ. അതേസമയം, വിവാദ പ്രസ്താവന മുതലെടുത്ത് ഇന്ത്യയ്ക്കെതിരെ നീങ്ങിയ പാക്കിസ്ഥാനും ഒ.െഎ.സിക്കും വിദേശകാര്യമന്ത്രാലയം ശക്തമായ മറുപടി നല്‍കി. ഇന്ത്യ മാപ്പുപറയേണ്ടതില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു.

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബിജെപി നേതാക്കള്‍ നടത്തിയ പരാമര്‍ശം ഇന്ത്യയില്‍ നടക്കുന്ന ന്യൂനപക്ഷവിരുദ്ധ നീക്കങ്ങളുടെ ഭാഗമാണെന്നാണ് ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സി ജനറല്‍ സെക്രട്ടേറിയറ്റും പാക്കിസ്ഥാനും പ്രതികരിച്ചത്. വിവാദ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ ബന്ധപ്പെട്ട സംഘടന കര്‍ശനമായ നടപടിയെടുത്തിട്ടുണ്ടെന്നും ഒ.െഎ.സിയുടെ പരാമര്‍ശം സങ്കുചിത മന:സ്ഥിതിയോെടയാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പാക്കിസ്ഥാന്‍ മറ്റൊരു രാജ്യത്തെ ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അപഹാസ്യമാണെന്ന് വിദേശകാര്യമന്ത്രാലയം വിമര്‍ശിച്ചു. മതഭ്രാന്തന്മാരെ വാഴ്ത്തുകയും അവര്‍ക്ക് സ്മാരകങ്ങള്‍ ഒരുക്കുകയുമാണ് പാക്കിസ്ഥാന്‍റെ പതിവെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. മാലദ്വീപില്‍ പ്രതിപക്ഷകക്ഷി ഇന്ത്യാവിരുദ്ധ പ്രമേയം കൊണ്ടുവന്നെങ്കിലും വിജയിച്ചില്ല. 

മോദി ഭരണത്തില്‍ ഭാരത മാതാവ് അപമാനത്താല്‍ തലകുനിക്കുന്നുവെന്നും മോദി സര്‍ക്കാര്‍ ഖത്തര്‍ പോലുള്ള ചെറുരാജ്യത്തിന് മുന്നില്‍പോലും സാഷ്ടാംഗം വീണുവെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പരിഹസിച്ചു. ഇന്ത്യ ദുര്‍ബലമായെന്നും ഒറ്റപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. വിവാദ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങി.