കുവൈത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചയാളെ വെടിവെച്ച് കൊന്ന കേസ്; നടപടിക്ക് ആവശ്യം

കുവൈത്തിലെ മരുഭൂമിയിലെ ആടുമേയ്ക്കല്‍ ജോലിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചതിനു തമിഴ്നാട് സ്വദേശിയെ വെടിവച്ചുക്കൊന്ന സംഭവത്തില്‍ കര്‍ശന നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊല്ലപ്പെട്ട തമിഴ്നാട് തിരുവാരൂര്‍ സ്വദേശി മുത്തുകുമാരനെ ചതിച്ച് ആടുമേയ്ക്കല്‍ കേന്ദ്രത്തിലെത്തിച്ച വീസ ഇടപാടുകരെ പിടികൂടണമെന്നാണ് ആവശ്യം. കൊല്ലപ്പെട്ട മുത്തുകുമാരന്റെ ബന്ധുക്കള്‍ തിരുവാരൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ പ്രതിഷേധിച്ചു. 

ഫാര്‍മസിസ്റ്റായിരുന്ന മുത്തുകുമാരനു കോവിഡില്‍ ജോലി പോയതിനെ തുടര്‍ന്നാണ് ഈമാസം മൂന്നിനു കുവൈത്തിലേക്കു പോയത്. വീട്ടുജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ സബാഹ് അല്‍ അഹ്മദ് മരുഭൂമിയിലെ തൊഴുത്തിലേക്കാണു മുത്തുകുമാരനെ ഏജന്റ് എത്തിച്ചത്.ആടുകളെയും ഒട്ടകങ്ങളെയും മേയ്ക്കാന്‍ നിര്‍ബന്ധിച്ചു. ഇക്കാര്യം വീട്ടിലറിയിച്ചതിനു പിറകെ  മര്‍ദനം തുടങ്ങി.

ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കാന്‍ മുത്തുകുമാരന് നടത്തിയ ശ്രമമാണു തൊഴിലുടമയെ പ്രകോപിപ്പച്ചത്. മര്‍ദ്ദിച്ചവശനാക്കിയതിനു ശേഷം എയര്‍ റൈഫിള്‍ ഉപയോഗിച്ചു വെടിവച്ചിടുകയായിരുന്നു. 24 വയസുള്ള തൊഴിലുടമ അറസ്റ്റിലായിട്ടുണ്ട്. ഫോണില്‍ വിളിച്ചിട്ടു കിട്ടാത്തതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസമാണു കൊലപാതക വിവരം നാട്ടില്‍ അറിയുന്നത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി ആവശ്യപ്പെട്ടെത്തിയവര്‍ കലക്ടറേറ്റിനു മുന്‍പില്‍ പ്രതിഷേധിച്ചു. 

ഹൈദരാബാദിലെ ഏജന്റിനു ഒന്നര ലക്ഷം നല്‍കിയാണു വീസ വാങ്ങിയത്. ഇയാളോടു മുത്തുകുമാരനെ തിരികെ എത്തിക്കാന്‍ കുടുംബം ആവശ്യപ്പെങ്കിലും ചെവികൊണ്ടിരുന്നില്ല. ഇയാളുടെ അറിവോടെ ചതിച്ചു മരുഭൂമിയിലെ ആടുമേയ്ക്കല്‍ കേന്ദ്രത്തില്‍ എത്തിച്ചതെന്നാണു കുടുംബം ആരോപിക്കുന്നത്. മരണ സര്‍ട്ടിഫിക്കറ്റ് കിട്ടിയാലുടന്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നു തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചു.