യുഎഇയിൽ ഏഴ് ഇന്ത്യക്കാരുൾപ്പെടെ നാൽപ്പത്തഞ്ചുപേർക്കു കൂടി കോവിഡ് 19

യുഎഇയിൽ ഏഴ് ഇന്ത്യക്കാരുൾപ്പെടെ നാൽപ്പത്തഞ്ചുപേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സൌദിയിൽ ഇന്നു അൻപത്തിയഞ്ചു പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്.  ആയിരത്തിഎണ്ണൂറ്റിനാൽപ്പത്തെട്ടു പേരാണ് ഗൾഫിലെ ആകെ രോഗബാധിതർ.

വിദേശത്ത് നിന്നെത്തിയ ഒരാൾ ദുബായിലെ താമസസ്ഥലത്ത് ക്വാറൻറീൻ പാലിക്കണമെന്ന നിർദേശം പാലിക്കാത്തതിനെത്തുടർന്നാണ് പതിനേഴു പേർക്കു രോഗം പടർന്നതെന്നു യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  ഇന്ത്യ, യുഎഇ എന്നിവിടങ്ങളിലെ ഏഴു പേർ വീതവും  കാനഡ, പോളണ്ട്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 198 പേരാണ് ആകെ രോഗബാധിതർ. സൌദിയിൽ രോഗബാധിതരുടെ എണ്ണം 562 ആയി ഉയർന്നു. പുതിയ കേസുകളിൽ 25 എണ്ണം സമ്പര്‍ക്കത്തിലൂടെ പടര്‍ന്നതും 26 കേസുകള്‍ വിദേശത്ത് നിന്ന് മടങ്ങിയത്തിയവര്‍ക്കുമാണ്. രണ്ടു ദിവസത്തിനിടെ ഇരുന്നൂറിലധികം പേർക്കാണ് സൌദിയിൽ കോവിഡ് 19 സ്ഥിരീകരിച്ചത്.  ബഹ്റൈനിൽ രോഗം സ്ഥിരീകരിച്ച 339 പേരിൽ നൂറ്റിഅറുപതു പേർ രോഗമുക്തി നേടിയത് ആശ്വാസവാർത്തയാണ്. 

177 പേരാണ് ചികിൽസയിലുള്ളത്. ഖത്തറിൽ രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിപക്ഷവും  ക്വാറൻറീനിൽ കഴിഞ്ഞവരാണ്. കുവൈത്തിൽ ചികിൽസയിലുള്ള 159 പേരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നു ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.  ഖത്തറിൽ  യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഓണ്‍അറൈവല്‍, ഫാമിലി വിസിറ്റിങ് വിസ എന്നിവയില്‍ രാജ്യത്ത് തങ്ങുന്നവര്‍ക്ക് വിസ പുതുക്കുന്നതിനു ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റിൽ സൌകര്യമൊരുക്കിയിട്ടുണ്ടെന്നു അധികൃതർ വ്യക്തമാക്കി.